ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ ഭാഗമായ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് രാഷ്ട്രീയപ്പാർട്ടികൾ ഒരുക്കം തുടങ്ങി.
തിരഞ്ഞെടുപ്പ് അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു നഗര ഭരണകൂടമായിരുന്ന ബിബിഎംപിക്ക് പകരമാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിലവിൽ വന്നത്.
കോർപ്പറേഷനുകളുടെ വാർഡ് വിഭജനത്തിന്റെ കരട് പട്ടിക അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് താമസിയാതെ പ്രസിദ്ധീകരിക്കും.
പിന്നീട് വാർഡുകളുടെ സംവരണകാര്യത്തിലും അന്തിമ തീരുമാനമുണ്ടാകും. തുടർന്നായിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
2020-ൽ ബിബിഎംപിയുടെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതാണ്. അഞ്ച് വർഷത്തിനുശേഷമാണ് നഗര ഭരണത്തിന് ജനപ്രതിനിധികളുണ്ടാകാൻ പോകുന്നത്.
