ബെംഗളൂരു: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻപോറ്റിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കങ്ങൾ അതീവ രഹസ്യസ്വഭാവത്തോടെ. മാധ്യമങ്ങളിൽനിന്നും വിവരംമറച്ചുപിടിക്കുന്നതരത്തിലാണ് മുന്നോട്ടുപോവുന്നത്.
വെള്ളിയാഴ്ച പുലർച്ചെ അന്വേഷണസംഘം പോറ്റിയുമായി തെളിവെടുപ്പിന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടെന്ന് വാർത്ത പരന്നിരുന്നു. പക്ഷേ, ഇവർ പിന്നീടെങ്ങോട്ടു പോയെന്നകാര്യത്തിൽ പകൽ മുഴുവൻ അവ്യക്തത തുടർന്നു.
ബെംഗളൂരുവിലേക്ക് റോഡ് മാർഗമാണോ തീവണ്ടി മാർഗമാണോ വിമാനത്തിലാണോ വരുന്നതെന്ന കാര്യംപോലും വ്യക്തമായിരുന്നില്ല. വിമാനമാർഗമാണെങ്കിൽ മണിക്കൂറുകൾക്കകം ബെംഗളൂരുവിലെത്തുമെന്നു കരുതി മലയാളി മാധ്യമപ്രവർത്തകർ തയ്യാറായിനിന്നു. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിലും ക്ഷേത്രത്തിനടുത്തുള്ള പോറ്റിയുടെ വീട്ടിലും തെളിവെടുപ്പിനെത്തിയേക്കുമെന്നാണ് കരുതിയത്. പക്ഷേ, രാത്രിയായിട്ടും ഉദ്യോഗസ്ഥർ എത്തിയില്ല. എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയുംചെയ്തു.
അന്വേഷണസംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ അവധിയിലാണെന്നായിരുന്നു മറുപടി. ഇതിനിടെ പോറ്റിയുമായി ഉദ്യോഗസ്ഥർ ചെന്നൈയിലേക്കാണ് തെളിവെടുപ്പിന് പോകുന്നതെന്ന് അഭ്യൂഹം പരന്നു. പിന്നീട് ബല്ലാരിയിലേക്ക് പോകുന്നതായും അഭ്യൂഹമുണ്ടായി. പക്ഷേ, ഇവിടെയൊന്നും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതായി രാത്രിവൈകിയും സ്ഥിരീകരണമുണ്ടായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.