ബെംഗളൂരു : സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം.
വരുമാനം വർധിപ്പിക്കാനും പുതിയ ജോലി കണ്ടെത്താനും അതുവഴി ഒരു പരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചെന്നാണ് ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡിവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പദ്ധതി പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വാഗ്ദാന പദ്ധതികളിലൊന്നാണ് ശക്തിപദ്ധതി. നയരൂപവത്കരണ ഉപദേശകയായ താരാ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ബെംഗളൂരു, ബെളഗാവി, ബാഗൽക്കോട്ട്, ചിക്കമഗളൂരു, ബിദർ, ഹാസൻ, കലബുറഗി, കോലാർ, മാണ്ഡ്യ, തുമകൂരു തുടങ്ങിയ 15 ജില്ലകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
സർവേയിൽ പങ്കെടുത്ത നിർധന കുടുംബങ്ങളിലെ സ്ത്രീകളിൽ 90 ശതമാനവും തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടെന്ന് വെളിപ്പെടുത്തി.
യാത്രച്ചെലവില്ലാത്തതിനാൽ ദൂെരസ്ഥലങ്ങളിൽ പോയി കൂടുതൽ വരുമാനമുള്ള ജോലി കണ്ടെത്താൻ പലർക്കും കഴിയുന്നു.
യാത്രച്ചെലവ് ഇല്ലാതായതോടെ ആഴ്ചയിൽ 1000 രൂപ അധികം സമ്പാദിക്കാൻ കഴിയുന്നുണ്ടെന്ന് 80 ശതമാനം പേർ അറിയിച്ചു
