ബെംഗളൂരു: കച്ചവടത്തിനും ഐടി രംഗത്തും വിവിധ കമ്പനികളിലുമായി ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. എന്നാല്‍ ബെംഗളൂരുവിന്റെ വികസനത്തിന് വേഗത പോരെന്നും അതിവേഗം വളരുന്ന നഗരം മംഗളൂരു ആണെന്നുമാണിപ്പോൾ ഉയരുന്ന അഭിപ്രായം.
ആരിന്‍ കാപിറ്റല്‍ സഹസ്ഥാപകനും പ്രമുഖ വ്യവസായിയുമായ മോഹന്‍ദാസ് പൈ മംഗളൂരുവിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ് എന്ന് അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
തുറമുഖവും സംസ്‌കാരവും സംരംഭകരും പഠന കേന്ദ്രങ്ങളുമെല്ലാമുള്ളത് മംഗളൂരുവിന്റെ നേട്ടമായി അദ്ദേഹം വിലയിരുത്തുന്നു. ഇതിനെ പിന്തുണച്ച് നടന്‍ സുനില്‍ ഷെട്ടി രംഗത്തെത്തി.
നവീന ആശയങ്ങളുടെയും സംരംഭങ്ങളുടെയും കേന്ദ്രമായി മംഗളൂരു മാറുന്നു എന്നാണ് മോഹന്‍ദാസ് പൈ പറഞ്ഞത്. മംഗളൂരുവിലെ ജീവിത നിലവാരം മികച്ചതാണ്.
ചെലവ് കുറഞ്ഞ വീടുകളും മികവാര്‍ന്ന സംസ്‌കാരവും മംഗളൂരുവിന്റെ മേന്മയാണ്. 25000 ടെക്കികള്‍ മംഗളൂരുവിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സ്‌കൂളുകളും തദ്ദേശീയരുമാണ് മംഗളൂരുവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഹന്‍ദാസിനെ പിന്തുണച്ച് രംഗത്തുവന്ന സുനില്‍ ഷെട്ടി മംഗളൂരു അടുത്ത ടെക് ഹബ്ബായി മാറുമെന്ന് അഭിപ്രായപ്പെട്ടു. യുവ സംരംഭകരും പ്രൊഷണലുകളും സമത്തിലുള്ള നഗരമാണിത് എന്നാണ് സുനില്‍ ഷെട്ടി പറയുന്നത്.
മികച്ച ജീവിത നിലവാരത്തില്‍ ഏഷ്യയിലെ പുതിയ കേന്ദ്രമാണിതെന്നും സുനില്‍ ഷെട്ടി പറയുന്നു. ഇരുവരെയും പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.
അതേസമയം, ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ദീപക് കൃഷ്ണമൂര്‍ത്തി ഇതിനെ എതിര്‍ത്തു. അടിസ്ഥാന സൗകര്യമില്ലായ്മയാണ് മംഗളൂരു നേരിടുന്ന പ്രശ്‌നം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലമുകളിലെ വിമാനത്താവളമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടെ വിമാനത്താവളത്തിലെ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ബെംഗളൂരു നഗരത്തില്‍ നിന്ന് വളരെ അകലെയാണ് വിമാനത്താവളം. ഒന്നര മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരുന്നതും ട്രാഫിക് പ്രശ്‌നങ്ങളുമെല്ലാം ബെംഗളൂരുവിലുള്ളവര്‍ നേരിടുന്ന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തുറമുഖവും വിമാനത്താവളവും റെയില്‍വെ ശൃംഖലയുമാണ് മംഗളൂരുവിന്റെ നേട്ടമായി പറയുന്നത്. മംഗളൂരു നഗരത്തെ ആശ്രയിക്കുന്നവരാണ് വടക്കന്‍ കേരളത്തിലെ മലയാളികള്‍. മംഗളൂരു വളരുന്നത് മലയാളികള്‍ക്കും നേട്ടമാണ്.
മംഗളൂരു വിമാനത്താവളം വഴി 23 ലക്ഷം പേരാണ് ഓരോ വര്‍ഷവും യാത്ര ചെയ്യുന്നത് എന്ന് പറയപ്പെടുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇത് 42 ലക്ഷമായി ഉയരുമെന്നും മംഗളൂരുവിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.