ബെംഗളൂരു : ഹാവേരി ജില്ലയിലെ റട്ടിഹള്ളിയിൽ അപകട ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കർഷകനുമേൽ കാറുകയറ്റി കൊലപ്പെടുത്തിയ നാലുപേർ അറസ്റ്റിൽ.
സെപ്റ്റംബർ 27-ന് നടന്ന അപകടത്തിലാണ് കർഷകനായ ബസവരാജ്(40) മരിച്ചത്. ഫൊറൻസിക് പരിശോധനയിൽ സംശയംതോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും അയൽവാസിയും മറ്റ് മൂന്നുപേരുമാണ് ഇതിനുപിന്നിലെന്നും വ്യക്തമായത്.
അവിവാഹിതനായിരുന്ന ബസവരാജിന് അടുത്ത ബന്ധുക്കളുണ്ടായിരുന്നില്ല. ഇത് മുതലാക്കിയാണ് അയൽവാസി രാഘവേന്ദ്ര, സിദ്ധനഗൗഡ, പ്രവീൺ, മാലതേഷ് എന്നിവർ ചേർന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കൊലപാതകം ആസൂത്രണംചെയ്തത്.
ബസവരാജിന് മദ്യംവാങ്ങി നൽകിയാണ് രാഘവേന്ദ്ര അടുപ്പംസ്ഥാപിച്ചത്. പിന്നീട് മറ്റുള്ളവർക്ക് ഒപ്പംചേർന്ന് ബസവരാജിന് അപകട ഇൻഷുറൻസ് എടുത്തു. ഇതിൽ രാഘവേന്ദ്രയെ അവകാശിയാക്കി.
ബസവരാജിന്റെ 12 ഏക്കർ സ്ഥലവും ഇവർ തങ്ങളുടെ പേരിലാക്കിയിരുന്നു. സംഭവം നടന്ന ദിവസം രാത്രിയിൽ അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിനുശേഷം ബസവരാജിനെ റോഡരികിൽ കിടത്തി. തുടർന്ന് ഇയാൾക്കുമുകളിലൂടെ അതിവേഗത്തിൽ കാറോടിക്കുകയായിരുന്നു.
മദ്യപിച്ചുകിടന്ന ബസവരാജിനെ ഏതോ വാഹനമിടിച്ചതിനെ തുടർന്ന് മരിച്ചുവെന്നായിന്നു നാട്ടുകാർ കരുതിയത്. ഫൊറൻസിക് പരിശോധനയിലെ സംശയത്തെ തുടർന്ന് രാഘവേന്ദ്രയെയും മറ്റുള്ളവരെയും ചോദ്യംചെയ്തപ്പോൾ സത്യം പുറത്തുവരുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.