ബെംഗളൂരു : കർണാടകാസർക്കാരിന്റെ തലപ്പത്ത് മാറ്റംവരുമെന്ന ചർച്ചകൾ അവസാനിപ്പിക്കാൻ നടപടിയുമായി കോൺഗ്രസ് ദേശീയനേതൃത്വം.
മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി നേതാക്കൾ പ്രസ്താവനനടത്തുന്നത് തടയണമെന്ന് കെപിസിസി അധ്യക്ഷൻകൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിർദേശം നൽകിയിരിക്കയാണ്.
പാർട്ടി നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ ശിവകുമാറിന് അധികാരംനൽകിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അറിയിച്ചു.
നവംബറിൽ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതോടെ സിദ്ധരാമയ്യ സ്ഥാനമൊഴിയുമെന്നും ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം എംഎൽഎയും മുൻ എംപിയും പറഞ്ഞത് വലിയ ചർച്ചയായി.
ഇരുവർക്കും കെപിസിസി അച്ചടക്കസമിതി കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ സിദ്ധരാമയ്യയെ പിന്തുണച്ച് മുതിർന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ ജി.പരമേശ്വര എത്തിയതോടെ പാർട്ടിക്കുള്ളിൽ പോര് കടുത്തിട്ടുണ്ട്.
ഏതാനും മാസംമുൻപും ഇത്തരത്തിൽ ചർച്ച ആരംഭിച്ചപ്പോഴും പാർട്ടി നേതൃത്വം പരസ്യപ്രസ്താവന വിലക്കിയിരുന്നു.
എന്നാൽ, കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം നേതാക്കൾ വിഷയം പുറത്തെടുക്കുകയായിരുന്നു. കോൺഗ്രസ് അനുകൂലികളുടെയും പ്രവർത്തകരുടെയും ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ പ്രതിപക്ഷമായ ബിജെപി ഇത് പ്രചാരണായുധമാക്കുകയും ചെയ്തതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.