ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കർണാടക സർക്കാർ.
പരീക്ഷണാർഥം കോളാർ ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന ഗൃഹ ആരോഗ്യപദ്ധതിയാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.
ജീവിതശൈലീരോഗങ്ങൾ അടക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് തടയുകയാണ് ലക്ഷ്യം. ആശപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
പ്രമേഹം, രക്തസമ്മർദം, വിവിധതരം കാൻസറുകൾ തുടങ്ങി ജീവന് ഭീഷണിയായ രോഗങ്ങളെ നേരിടുന്നതിന് സ്വകാര്യ ആശുപത്രികളെമാത്രം ആശ്രയിക്കാൻ കഴിയില്ല.
സ്വകാര്യമേഖല പ്രതിരോധത്തെക്കാൾ കൂടുതൽ ശ്രദ്ധ ചികിത്സയ്ക്കായിരിക്കും നൽകുക. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ് ആരോഗ്യം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേഹം, രക്തസമ്മർദം, നാഡീസംബന്ധമായ രോഗങ്ങൾ, കാൻസർ, കരൾ, ശ്വാസകോശരോഗങ്ങൾ അടക്കം 14 രോഗങ്ങൾക്കുള്ള പരിശോധനയാണ് നടത്തുന്നത്.
വീടുകൾ സന്ദർശിക്കുന്ന ആശപ്രവർത്തകർ അടുത്തുള്ള ആയുഷ്മാൻ ആരോഗ്യകേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകും. ഇവിടെയെത്തി ജനങ്ങൾക്ക് പരിശോധന നടത്താനും സാധിക്കും.
രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് അവിടെനിന്നുതന്നെ മരുന്നുകൾ നൽകും. കൂടുതൽ ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്ക് മെഡിക്കൽ കോളേജ് പോലെയുള്ള പ്രധാന ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.