ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: വന്യജീവി-പരിസ്ഥിതി അനുമതികൾ ലഭിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (PMO) അന്തിമ അനുമതി വൈകുന്നതിനാൽ ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് (STRR) പദ്ധതി പ്രതിസന്ധിയിൽ. ബന്നാർഘട്ട വനമേഖലയിലൂടെ കടന്നുപോകുന്ന 144.25 കിലോമീറ്റർ ഭാഗത്തിനായുള്ള അനുമതിയാണ് കഴിഞ്ഞ 18 മാസമായി പി.എം.ഒയിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ പദ്ധതിയുടെ സമയപരിധി സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. നേരത്തെ 2025-ൽ നിന്ന് 2026-ലേക്ക് നീട്ടിയ പദ്ധതി, ഈ വർഷം പി.എം.ഒ അനുമതി നൽകിയാൽ പോലും 2029-ന് മുമ്പ് പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

അനുമതി വൈകുന്ന സാഹചര്യത്തിൽ, ഈ വർഷം ജനുവരിയിൽ ദേശീയ പാത അതോറിറ്റി (NHAI) വിളിച്ച രണ്ട് പാക്കേജ് ടെൻഡറുകളുടെ കാലാവധി വീണ്ടും നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഈ വിഷയം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ധനമന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC) 2025 ജനുവരി 1-ന് തന്നെ ഈ പദ്ധതിക്ക് അനുമതി നൽകിയതാണെന്നും എന്നാൽ പി.എം.ഒയുടെ പച്ചക്കൊടിക്കായി രാജ്യം ഇപ്പോഴും കാത്തിരിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ബെംഗളൂരു നഗരത്തെ ചുറ്റിയുള്ള 282.3 കിലോമീറ്റർ നീളത്തിലുള്ള നിയന്ത്രിത എക്സ്പ്രസ് വേയാണ് എസ്ടിആർആർ പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ ദീർഘദൂര ഭാരവാഹനങ്ങൾക്ക് നഗരത്തിനുള്ളിൽ പ്രവേശിക്കാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കും. ഇതിൽ ദൊഡ്ഡബെല്ലാപൂർ മുതൽ ഹൊസ്കോട്ടെ വരെയുള്ള 80 കിലോമീറ്റർ ഭാഗം നിലവിൽ പ്രവർത്തനസജ്ജമാണ്. ഹൊസ്കോട്ടെ മുതൽ കർണാടക-തമിഴ്‌നാട് അതിർത്തി വരെയുള്ള 20.9 കിലോമീറ്ററും, തമിഴ്‌നാട്ടിലെ ബാലഗൊണ്ടപ്പള്ളി മുതൽ കർണാടക അതിർത്തി വരെയുള്ള 35.45 കിലോമീറ്ററും നിർമ്മാണ ഘട്ടത്തിലാണ്.

ബാക്കിയുള്ള 144.25 കിലോമീറ്റർ ഭാഗത്തിലാണ് ബന്നാർഘട്ട വനത്തിലൂടെയുള്ള 3.85 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ ഉൾപ്പെടുന്നത്. നിലവിൽ വന്യജീവി ബോർഡിന്റെയും റെയിൽവേയുടെയും അനുമതികൾ ഇതിന് ലഭിച്ചിട്ടുണ്ട്. വനഭൂമി വിട്ടുനൽകുന്നതിന്റെ ഭാഗമായി ‘കാമ്പാ’ (CAMPA) ഫണ്ടിലേക്ക് 12 കോടി രൂപ നിക്ഷേപിക്കാനുള്ള നോട്ടീസും അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ക്യാബിനറ്റ് അംഗീകാരം ലഭിച്ചാലുടൻ ഈ തുക കൈമാറുമെന്നും മൂന്ന് മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും എൻ.എച്ച്.എ.ഐ റീജണൽ ഓഫീസർ വിലാസ് പി. ബ്രഹ്മാങ്കർ അറിയിച്ചു.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

റോഡ് നാലുവരിപ്പാതയിൽ നിന്ന് ആറുവരിപ്പാതയായി ഉയർത്തിയതിനെ തുടർന്ന് പദ്ധതിച്ചെലവ് 4,749.74 കോടിയിൽ നിന്ന് 4,921.57 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഹൈബ്രിഡ് ആനുവിറ്റി മോഡലിൽ (HAM) നിർമ്മിക്കുന്ന പദ്ധതിയുടെ 40 ശതമാനം തുക കേന്ദ്രസർക്കാർ നേരിട്ട് നൽകും. ബാക്കി 60 ശതമാനം തുക നിർമ്മാണ കമ്പനിക്ക് നിശ്ചിത ഗഡുക്കളായി പലിശ സഹിതം കൈമാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കരാർ ഒപ്പിട്ടാൽ 912 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ജൂൺ 22 ആണ് ടെൻഡറുകൾ സമർപ്പിക്കാനുള്ള പുതിയ തീയതി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts