അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിൽ കിലോമീറ്ററുകളോളം നീളുന്ന വാഹനക്കുരുക്കിലൂടെ ജനങ്ങൾ വലയുമ്പോൾ, റോഡിന് അടിയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ നിർമ്മിച്ച കാൽനട സബ്‌വേകൾ (അണ്ടർപാസുകൾ) അധികൃതരുടെ അവഗണനയും കൈയേറ്റവും മൂലം നശിക്കുന്നു. അതിവേഗ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ച് റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായിരുന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഭൂഗർഭ പാതകൾ നിർമ്മിച്ചത്. എന്നാൽ നിലവിൽ ഭൂരിഭാഗം അണ്ടർപാസുകളും കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം മാറിയിരിക്കുകയാണ്. നഗരത്തിൽ ഫ്ലൈഓവറുകൾക്കും മെട്രോ വികസനത്തിനുമായി കോടികൾ നിക്ഷേപിക്കുമ്പോൾ, സാധാരണക്കാരായ കാൽനടയാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ അധികൃതർ പൂർണ്ണമായി വിസ്മരിക്കുകയാണെന്ന വിമർശനം ശക്തമാണ്.

ബംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകൾ പ്രകാരം റോഡപകടങ്ങളിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണ്. നഗരത്തിൽ 2023-ൽ 292 പേരും, 2024-ൽ 246 പേരും, 2025-ൽ 260 പേരും വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ, 2026 ഏപ്രിൽ വരെ മാത്രം 90 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിലും സബ്‌വേകൾ ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നഗരത്തിലെ പ്രമുഖ ജംഗ്ഷനുകളായ കെ.ആർ മാർക്കറ്റ്, മജസ്റ്റിക്, ഹെബ്ബാൾ, ബെല്ലാരി റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിലെ അണ്ടർപാസുകളിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി ഏകദേശം 21 കോടി രൂപ ചെലവഴിച്ച് നവീകരിച്ച് 2022-ൽ കോർപ്പറേഷന് കൈമാറിയ കെ.ആർ മാർക്കറ്റിലെ അണ്ടർപാസ് നിലവിൽ ദുരിതപൂർണ്ണമാണ്. വിക്ടോറിയ ഹോസ്പിറ്റൽ, മരക്കറ്റ് ബസ് ടെർമിനൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഇതിന് ഒന്നിലധികം പ്രവേശന കവാടങ്ങളുള്ളതിനാൽ യാത്രക്കാർക്ക് വഴി കണ്ടെത്തുക തന്നെ പ്രയാസമാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള എസ്കലേറ്ററുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഇത് പ്രായമായവർക്കും ഭാരമേറിയ സാധനങ്ങൾ ചുമക്കുന്ന കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. തങ്ങൾ മെട്രോ സ്റ്റേഷനുകളിലെ എസ്കലേറ്ററുകൾ കൃത്യമായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ ഇവിടെ അത് അടഞ്ഞുകിടക്കുന്നത് മൂലം ജീവൻ പണയം വെച്ച് മുകളിലെ റോഡിലൂടെ നടക്കേണ്ടി വരികയാണെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. കവാടങ്ങളിൽ പച്ചക്കറി വ്യാപാരികൾ കൈയേറിയിരിക്കുന്നതിനാൽ ഉള്ളിലേക്ക് കടക്കാൻ പോലും പ്രയാസമാണെന്ന് പ്രായമായ യാത്രക്കാർ വ്യക്തമാക്കുന്നു. എന്നാൽ കവാടങ്ങളിലെ തടസ്സങ്ങൾ ഉടൻ നീക്കുമെന്ന് ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ വിജയ്കുമാർ ഹരിദാസ് അറിയിച്ചു.

അതേസമയം, മജസ്റ്റിക്കിലെ അണ്ടർപാസ് പൂർണ്ണമായും ഒരു ചന്തയായി മാറിയിരിക്കുകയാണ്. ചെരിപ്പുകൾ മുതൽ ഇലക്ട്രോണിക്സ് സാധനങ്ങൾ വരെ വിൽക്കുന്ന വ്യാപാരികൾ ഇതിന്റെ നടപ്പാതകളും പടവുകളും പൂർണ്ണമായി കൈയേറിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഇത് അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നതായും പരാതിയുണ്ട്. കച്ചവടക്കാരായ പുരുഷന്മാർ കൂട്ടംകൂടി നിൽക്കുന്നതിനാൽ സ്ത്രീകൾക്ക് ഈ വഴി സഞ്ചരിക്കാൻ ഭയമാണ്. മജസ്റ്റിക്കിൽ മെട്രോ സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ അണ്ടർപാസിലാകട്ടെ വെളിച്ചം പോലുമില്ലാത്തതിനാൽ മൊബൈൽ ടോർച്ച് അടിച്ചാണ് യാത്രക്കാർ നടക്കുന്നത്. കനത്ത ലഗേജുകളുമായി വരുന്ന യാത്രക്കാർക്ക് റോഡിലെ വലിയ ഡിവൈഡറുകൾ കാരണം മുകളിലൂടെ പോകാനും സാധിക്കില്ല.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ബെല്ലാരി റോഡിലെ സിബിഐ ജംഗ്ഷനിലുള്ള അണ്ടർപാസ് ദിവസേന നൂറുകണക്കിന് കോളേജ് വിദ്യാർത്ഥികളാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ ശുചീകരണ കരാറിന്റെ കാലാവധി കഴിഞ്ഞതിനാലും പുതിയ ടെൻഡർ വൈകുന്നതിനാലും സബ്‌വേ മുഴുവൻ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. മാത്രമല്ല, മഴ പെയ്താൽ ഈ അണ്ടർപാസ് പൂർണ്ണമായി വെള്ളത്തിനടിയിലാകുമെന്നും സുരക്ഷയ്ക്കായി സ്ഥാപിച്ച പാനിക് ബട്ടൺ പ്രവർത്തിക്കുന്നില്ലെന്നും ഹോം ഗാർഡുകൾ സമ്മതിക്കുന്നു. മഴ സമയത്ത് വെള്ളം കയറുന്നതിനാൽ കിലോമീറ്ററുകൾ മാറിയുള്ള അപകടം നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ നടക്കേണ്ടി വരുന്നുവെന്ന് വെറ്ററിനറി കോളേജ് വിദ്യാർത്ഥികൾ പറയുന്നു. സമാനമായ അവസ്ഥ തന്നെയാണ് ശേഷാദ്രി റോഡിലെ മഹാറാണി ക്ലസ്റ്റർ യൂണിവേഴ്സിറ്റിയെയും നൃപതുംഗ റോഡിനെയും ബന്ധിപ്പിക്കുന്ന അണ്ടർപാസിലുമുള്ളത്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

എന്നാൽ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി അണ്ടർപാസുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വ്യക്തമാക്കി. ഇതിനകം തന്നെ തങ്ങളുടെ പരിധിയിലുള്ള 26 വാഹന-കാൽനട അണ്ടർപാസുകൾ പെയിന്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും മഴസമയത്ത് ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts