ജനത്തിനും പോലീസിനും ഉപദേശങ്ങളുമായി സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളൂരു∙ മഹാനഗരത്തിൽ വർധിക്കുന്ന മാല പൊട്ടിക്കൽ സംഭവങ്ങൾക്ക് തടയിടാൻ ശക്തമായ നടപടികളുമായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ. ഇതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള അഡീ. കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ്ങും മറ്റും ശക്തമാക്കാൻ അദ്ദേഹം നിർദേശിച്ചു. ഇന്നലെ പീനിയയിലും ബാഗൽക്കുണ്ഡെയിലും മാല പൊട്ടിക്കൽ കവർച്ചകൾ നടന്നിരുന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഇതിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം എച്ച്എംടി ലേഒൗട്ടിൽ വീട്ടിനു മുന്നിൽ ചെടി നനയ്ക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കുന്നത് പ്രതിരോധിക്കുന്നതിനിടെ ഇവർക്കു പരുക്കേറ്റിരുന്നു.

ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടും അക്രമികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷണർ നേരിട്ട് പരിശോധന ഊർജിതമാക്കാൻ ആവശ്യപ്പെട്ടത്. സംക്രാന്തി ആഘോഷത്തിരക്ക് മുതലെടുത്താണ് നഗരത്തിൽ ഇക്കഴി‍ഞ്ഞ ദിവസങ്ങളിൽ മാലപൊട്ടിക്കൽ സംഭവങ്ങൾ കൂടിയത്. വർധിച്ചുവരുന്ന മാലമോഷണങ്ങൾ ഒറ്റയ്ക്ക് കാൽനട യാത്ര ചെയ്യുന്ന വീട്ടമ്മമാരെ ഭീതിപ്പെടുത്തുകയാണ്. പെട്ടെന്നു പണം കണ്ടെത്താനാകുന്ന ഒരു മാർഗമായാണ് ഒരു കൂട്ടം ക്രിമിനലുകൾ ഈ കുറ്റകൃത്യത്തെ ഏറ്റെടുത്തിരിക്കുന്നതെന്നു കമ്മിഷണർ പറഞ്ഞു.

കമ്മിഷണറുടെ നിർദേശങ്ങൾ

∙ ബെംഗളൂരുവിൽ നിന്നു പുറത്തേക്കു പോകാനുള്ള പാതകളിൽ കർശന പരിശോധന പ്രഭാതങ്ങളിലും മറ്റും ഏർപ്പെടുത്തിയാൽ അക്രമികളെ കുടുക്കാനാകും. പലപ്പോഴും പ്രഭാതസവാരിക്കും മറ്റും ഒറ്റയ്ക്കു പോകുന്ന മധ്യവയസ്കരായ സ്ത്രീകളെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്.

∙ കുപ്രസിദ്ധരായ ഇറാനി സംഘാംഗങ്ങളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കണം. ബെംഗളൂരുവിലെത്തി കവർച്ച നടത്തുന്ന കുപ്രസിദ്ധരായ ഇറാനി ഗ്രൂപ്പിൽ നിന്നുള്ള ചിലരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.

മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ കുടുക്കാനായത്. എന്നാൽ കൂടുതൽ സംഘാംഗങ്ങൾ വ്യാജ നമ്പർ പ്ലേറ്റുകളുള്ള ബൈക്കിൽ നഗരത്തിൽ സ്ഥിരമായി എത്തി കവർച്ച നടത്തി മടങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

∙ രാത്രി പട്രോളിങ് നിർബന്ധമാക്കണം.

∙ മോഷണ സംഭവങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങൾക്കു സമീപമുള്ള ലോഡ്ജുകളിലെ റജിസ്റ്ററുകൾ പരിശോധിക്കണം.

∙ സ്ഥിരം കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താൽ തുമ്പു ലഭിക്കും.

∙ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us