കൊച്ചി: ഹോട്ടലുകളിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ചാറ് (ഗ്രേവി) നൽകേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിന്മേൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇടപെടലോടെ പുതിയ ട്വിസ്റ്റ്. ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നും വ്യക്തമാക്കി കേസ് പുനഃപരിശോധിക്കാൻ സംസ്ഥാന കമ്മീഷൻ നിർദ്ദേശം നൽകി. എറണാകുളം സ്വദേശിയായ അഡ്വ. ഷിബു വയലകത്ത് കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഈ നിർണായക ഉത്തരവ്.
പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകാൻ റെസ്റ്ററന്റുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാർ ബാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2025 മേയ് 19-നാണ് എറണാകുളം ജില്ലാ കമ്മീഷൻ ഷിബുവിന്റെ പരാതി തള്ളിക്കളഞ്ഞത്. ഈ ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക ഹോട്ടലുകളും പൊറോട്ടയ്ക്കൊപ്പം ചാറ് നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഇത് വലിയ രീതിയിലുള്ള പൊതുജന ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ, ജില്ലാ കമ്മീഷന്റെ ഈ വിധിക്കെതിരെ ഷിബു സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിശദമായ തെളിവെടുപ്പിന് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
2024 നവംബർ 9-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. എറണാകുളം സ്വദേശിയായ ഷിബു എസ്. സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ ഒരു റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത ഇവർക്ക് റെസ്റ്ററന്റ് അധികൃതർ ഗ്രേവി നൽകാൻ കൂട്ടാക്കിയില്ല. ഇതിനെതിരെ ഷിബു ഔദ്യോഗികമായി പരാതി നൽകുകയും, തുടർന്ന് നവംബർ 20-ന് താലൂക്ക് സപ്ലൈ ഓഫീസർ റെസ്റ്ററന്റിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഉപഭോക്താവിന് ഗ്രേവി നൽകിയില്ലെന്ന് സപ്ലൈ ഓഫീസർ സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് റെസ്റ്ററന്റിന്റെ ഭാഗത്തുനിന്നും സേവനത്തിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും സമീപകാലത്തായി കേരളത്തിലെ ഹോട്ടലുകളിൽ ഗ്രേവി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും അടിപിടികളും വരെ പതിവായിരുന്നു. പുതിയ ഉത്തരവോടെ വിശദമായ തെളിവെടുപ്പ് നടത്തി ഷിബുവിന്റെ പരാതിയിൽ അന്തിമ തീരുമാനമെടുക്കാനാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, കേരളത്തിലെ ഹോട്ടലുകളിൽ പൊറോട്ടയ്ക്കൊപ്പം ചാറ് സൗജന്യമായി നൽകേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ നിയമപരമായ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]