ബെംഗളൂരു: യാത്രക്കാർക്കുള്ള ഓട്ടോറിക്ഷകൾ വ്യാപകമായി ചരക്ക് കടത്തലിനായി (ഗുഡ്സ് ഡെലിവറി) ഉപയോഗിക്കുന്നതിനെതിരെ നിയമനടപടികൾ ശക്തമാക്കി കർണാടക ഗതാഗത വകുപ്പ്. ഈ വിഷയത്തിലുണ്ടായ തർക്കങ്ങളും മറ്റ് അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് ബുധനാഴ്ച മൊബിലിറ്റി-ലോജിസ്റ്റിക്സ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകളുടെയും ഡ്രൈവർമാരുടെ യൂണിയനുകളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ‘പോർട്ടർ’ (Porter)-ന്റെ അഡുഗോഡിയിലെ ഓഫീസിന് മുന്നിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ ജൂൺ 23-ന് വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ജൂൺ 24 മുതലാണ് പാസഞ്ചർ ഓട്ടോകൾ ചരക്കു കടത്തിന് ഉപയോഗിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് നഗരത്തിൽ കർശന പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം എഴുപതിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലുടനീളം സർപ്രൈസ് പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും ഗതാഗത-റോഡ് സുരക്ഷാ കമ്മീഷണർ സെൽവമണി ആർ. വ്യക്തമാക്കി. എന്നാൽ, നിയമലംഘനം നടത്തിയതായി ആരോപിക്കപ്പെടുന്ന പോർട്ടർ കമ്പനിക്ക് വകുപ്പ് ഇതുവരെ ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടില്ല.
കർണാടക മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളും 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടും അനുസരിച്ച് പാസഞ്ചർ ഓട്ടോറിക്ഷകൾ കോൺട്രാക്ട് കാര്യേജുകളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ പരമാവധി മൂന്ന് യാത്രക്കാരെയും അവരുടെ സ്വകാര്യ ലഗേജുകളും മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ചരക്കുകൾ മാത്രമായി കടത്താൻ ഇത്തരം വാഹനങ്ങൾ നിയമപരമായി ഉപയോഗിക്കാൻ കഴിയില്ല.
എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് പോർട്ടർ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ചരക്ക് വിതരണത്തിനായി പാസഞ്ചർ ഓട്ടോറിക്ഷകൾ ലഭ്യമാക്കുന്നത്. കമ്പനിയുടെ ആപ്പിൽ നൽകിയിട്ടുള്ള ‘മിനി 3-വീലർ’ (Mini 3-Wheeler) എന്ന ഓപ്ഷൻ വഴിയാണ് ഇത് സാധ്യമാക്കുന്നത്. സാധാരണ ഗുഡ്സ് ഓട്ടോകളേക്കാൾ 45 മുതൽ 50 ശതമാനം വരെ നിരക്ക് കുറവാണ് ഈ വിഭാഗത്തിന് ഈടാക്കുന്നത്. സാധാരണ മൂന്ന് ചക്ര ഗുഡ്സ് വാഹനങ്ങൾക്ക് ഏകദേശം 500 കിലോഗ്രാം വരെ ഭാരം ചുമക്കാൻ അനുവാദമുള്ളപ്പോൾ, ഈ ‘മിനി 3-വീലർ’ ഓപ്ഷൻ വഴി 90 കിലോഗ്രാം വരെയുള്ള സാധനങ്ങൾ മാത്രമാണ് കൊണ്ടുപോകാൻ അനുവദിക്കുന്നത്.
ആപ്പ് വഴി ബുക്കിംഗ് ലഭിക്കുന്നത് കൊണ്ടാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നും ആപ്പിൽ അനുമതിയുള്ള കാര്യം നിയമവിരുദ്ധമാകാൻ വഴിയില്ലെന്നുമാണ് പാസഞ്ചർ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഉസ്മാൻ പറയുന്നത്. ബൈക്കുകളിൽ കൊണ്ടുപോകാൻ കഴിയാത്തതും എന്നാൽ ടെമ്പോകളിൽ കൊണ്ടുപോകാൻ മാത്രം വലുപ്പമില്ലാത്തതുമായ പാർസലുകൾക്ക് പാസഞ്ചർ ഓട്ടോകൾ ഉപയോഗിക്കുന്നത് പ്രായോഗികമാണെന്നും ഡ്രൈവർമാർ വാദിക്കുന്നു.
അതേസമയം, പോർട്ടർ തങ്ങളുടെ വാഹന ശൃംഖല വിപുലീകരിക്കുന്നതിനായി പാസഞ്ചർ ഓട്ടോ ഡ്രൈവർമാരെ യാതൊരുവിധ ഫീസും ഈടാക്കാതെയാണ് പ്ലാറ്റ്‌ഫോമിലേക്ക് എടുക്കുന്നതെന്ന് ‘നൊന്ത ചാലകരാ വേദിക്’ പ്രസിഡന്റ് രാജു എൻ. ആരോപിച്ചു. തങ്ങൾക്ക് പ്ലാറ്റ്‌ഫോമിൽ ചേരാൻ 1500 രൂപ നൽകേണ്ടി വരുമ്പോൾ പാസഞ്ചർ ഓട്ടോ ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മാത്രം സമർപ്പിച്ചാൽ മതിയാകും. ഇതിനുപുറമെ, പോർട്ടർ തങ്ങളിൽ നിന്ന് ഉയർന്ന കമ്മീഷൻ നിരക്കുകൾ ഈടാക്കുന്നുണ്ടെന്നും ഡ്രൈവർമാരെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന ഗുഡ്സ് വാഹന ഡ്രൈവർമാർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ വിവാദങ്ങളോട് പ്രതികരിക്കാൻ പോർട്ടർ കമ്പനി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
