ബെംഗളൂരു: ഞായറാഴ്ച രാത്രി മുതൽ നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്.
ഞായറാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ 5:30 വരെ 104 മില്ലിമീറ്റർ മഴ പെയ്തു, കഴിഞ്ഞ 10 വർഷത്തിനിടയിലെ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴയാണിത്.
വെള്ളക്കെട്ട് വ്യാപകമായിരുന്നു, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി, ദൈനംദിന ജീവിതം തടസ്സപ്പെട്ടു. ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നു.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വരെ 12 മണിക്കൂറോളം നഗരത്തിൽ 130 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
ദുരിതപെയ്ത്തില്‍ തിങ്കളാഴ്ച മൂന്നുപേർ മരിക്കുകയും 500 വീടുകൾ വെള്ളത്തിലാകുകയും 20ലധികം തടാകങ്ങൾ നിറഞ്ഞ് കവിയുകയും ചെയ്തു.
റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. റോഡുകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നത് യാത്രക്കാരെയും ദുരിതത്തിലാക്കി.
വീടുകളിൽ വെള്ളം കയറിയതോടെ സംസ്ഥാന ദുരന്ത നിവാരണ സേന ബോട്ടുകൾ ഇറക്കിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കെംഗേരിയിലെ കോട്ടെ ലേഔട്ടിൽ 100 വീടുകളിൽ വെള്ളം കയറി. മഹാദേവപുരയിലെ 10 ഇടങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി.
സായ് ലേഔട്ടിൽ പൂർണമായും വെള്ളം കയറി. മഡിവാള, കോറമംഗലയിലെ ആറാം ബ്ലോക്ക്, ഈജിപുര, സിൽക്ക് ബോർഡ് എന്നിവിടങ്ങൾ വെള്ളത്തിലായി.
ആർആർ നഗറിലെ വൃഷഭാവതി വാലിയിൽ മഴക്കെടുതിയിൽ അഞ്ച് വളർത്തുമൃഗങ്ങൾ മഴയിൽ ചത്തു. 44 നാലുചക്ര വാഹനങ്ങളിലും 93 ഇരുചക്ര വാഹനങ്ങളിലും വെള്ളം കയറി. 27 മരങ്ങൾ കടപുഴകിയപ്പോൾ 43ലധികം മരങ്ങളിൽനിന്ന് ശിഖരങ്ങൾ പൊട്ടിവീണു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നഗരത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെംഗേരിയിലാണ്. 132 മില്ലിമീറ്റർ മഴയാണ് കെംഗേരിയിൽ പെയ്തിറങ്ങിയത്. ചിക്കബാനവര (127 മില്ലിമീറ്റർ), ചൗദേശ്വരിനഗർ (104 മില്ലിമീറ്റർ), കെംപെഗൗഡ വാർഡ് (103.5 മില്ലിമീറ്റർ) എന്നിവിടങ്ങളിലും കൂടുതൽ മഴ ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.