ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽ അനാശാസ്യ പ്രവർത്തനങ്ങളും മനുഷ്യക്കടത്ത് കേസുകളും വൻതോതിൽ വർദ്ധിക്കുന്നതായി സിറ്റി പോലീസിന്റെ പുതിയ കണക്കുകൾ. മുൻകാലങ്ങളിൽ സ്പാകൾ, മസ്സാജ് പാർലറുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘങ്ങൾ, പോലീസിനെ വെട്ടിക്കാൻ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്കും എൻക്രിപ്റ്റ് ചെയ്ത മെസ്സേജിങ് ആപ്പുകളിലേക്കും പ്രവർത്തനം മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തിയിരുന്ന ആറോളം പ്രമുഖ വെബ്‌സൈറ്റുകൾ പോലീസ് ഇതിനകം ബ്ലോക്ക് ചെയ്തു.

പോലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് (ITPA) പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർഷം തോറും ഉയരുകയാണ്. 2019-ൽ 98 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2023-ൽ 180-ഉം, 2024-ൽ 176-ഉം, 2025-ൽ 179-ഉം കേസുകൾ നഗരത്തിൽ രജിസ്റ്റർ ചെയ്തു. ഈ വർഷം ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മാത്രം 44 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) നഗരത്തിലെ അപ്പാർട്ടുമെന്റുകൾ, ലോഡ്ജുകൾ, സ്പാകൾ, സ്വകാര്യ വീടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരന്തരം റെയ്ഡുകൾ നടത്തുന്നുണ്ടെന്ന് ഡി.സി.പി (ക്രൈം-1) ശ്രീഹരി ബാബു ബി.എൽ വ്യക്തമാക്കി.

  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്

സാങ്കേതികവിദ്യ വളർന്നതോടെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴി അതീവ രഹസ്യമായാണ് സംഘങ്ങൾ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഇവർ ഫോൺ നമ്പറുകളും ഓൺലൈൻ പ്രൊഫൈലുകളും നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ (2024 മുതൽ 2026 ഏപ്രിൽ 30 വരെ) മാത്രം ഇത്തരം സംഘങ്ങളിൽ നിന്ന് 831 സ്ത്രീകളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇതിൽ 2024-ൽ 443 പേരെയും, 2025-ൽ 329 പേരെയും, ഈ വർഷം ഇതുവരെ 59 സ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വൻ തട്ടിപ്പ് ശൃംഖല; ആഫ്രിക്കൻ സ്വദേശിനികളും പിടിയിൽ

അടുത്തിടെ സി.സി.ബിയുടെ വനിതാ സംരക്ഷണ വിഭാഗം നടത്തിയ മിന്നൽ റെയ്ഡുകളിൽ വൻ വിവരങ്ങളാണ് പുറത്തുവന്നത്. വ്യാജ ജോലി വാഗ്ദാനം നൽകി സ്ത്രീകളെ നഗരത്തിൽ എത്തിച്ച ശേഷം പി.ജി (PG) ഹോസ്റ്റലുകളിൽ താമസിപ്പിച്ച് നിർബന്ധപൂർവ്വം അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന സംഘങ്ങൾ നഗരത്തിൽ സജീവമാണ്. വിജയനഗർ, ബാനസവാടി, ഭ്യാദരഹള്ളി എന്നിവിടങ്ങളിലെ വാടകവീടുകളിൽ നിന്ന് കഴിഞ്ഞ മാസം മാത്രം നാല് വനിതാ ഏജന്റുമാരെ അറസ്റ്റ് ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നാല് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. സോളദേവനഹള്ളി, ബ്യാദരഹള്ളി എന്നിവിടങ്ങളിലും സമാനമായ റെയ്ഡുകൾ നടന്നു.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

മറ്റൊരു സംഭവത്തിൽ കോറമംഗല മടിവാള ചെക്ക്‌പോസ്റ്റിന് സമീപം അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകളെ സി.സി.ബി കസ്റ്റഡിയിലെടുത്തു. ഉഗാണ്ട, നൈജീരിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 25-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോർട്ടും വിസയും പരിശോധിച്ചതിൽ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. തുടർനടപടികൾക്കായി ഇവരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിനെ (FRRO) വിവരമറിയിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തുന്ന സ്ത്രീകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാറുണ്ടെങ്കിലും, പലരും ഫോൺ നമ്പറുകളും താമസസ്ഥലവും മാറ്റി വീണ്ടും ഇതേ മേഖലയിലേക്ക് തന്നെ തിരിച്ചെത്തുന്നത് പോലീസിന് വലിയ തലവേദനയാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts