ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം.
അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകള്‍ മുറിച്ചുമാറ്റിയത്.
11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്.
മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു.
പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്.
മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ദേവേന്ദ്രനെ ശ്രീവൈകുണ്ഡം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തിരുനെല്‍വേലി സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി.
വിരലുകള്‍ വീണ്ടും ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി.
അരിയാനയഗപുരം എന്ന ഗ്രാമത്തിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്നു തങ്ക ഗണേഷ്.
ആക്രമണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ദേവേന്ദ്രന്റെ കുടുംബം പറയുന്നത്, അടുത്തിടെ നടന്ന ഒരു കബഡി മത്സരത്തില്‍ എതിർ ടീമിനെ പരാജയപ്പെടുത്തുന്നതില്‍ ദേവേന്ദ്രൻ നിർണായക പങ്കുവഹിച്ചിരുന്നു.
ഇതിലുള്ള പ്രതികാരമായിട്ടാണ് ഈ ക്രൂരതയെന്നാണ്.
ദേവേന്ദ്രൻ മികച്ച കബഡി കളിക്കാരനാണെന്ന് പറയപ്പെടുന്നു.
ദലിത് കുട്ടിയെന്ന നിലയില്‍ കബഡിയില്‍ തിളങ്ങുന്നതില്‍ ഉന്നത ജാതിയില്‍പ്പെട്ടവർ അസ്വസ്ഥരായിരുന്നുവെന്ന് പറയുന്നു. തേവർ സമുദായത്തില്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് തങ്ക ഗണേഷ് പറഞ്ഞു.
ഞങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും നീതി ലഭിക്കണമെന്നും ദേവേന്ദ്രന്റെ അമ്മാവൻ സുരേഷ് പറഞ്ഞു.
പട്ടിക ജാതിയില്‍പ്പെട്ടവർ ജീവിതത്തില്‍ ഉയർന്നുവരാൻ അവർ ആഗ്രഹിക്കുന്നില്ല.
ദേവേന്ദ്രൻ നന്നായി പഠിക്കുന്നുണ്ടായിരുന്നു.
ജീവിതത്തില്‍ ഉയരുന്നത് എന്തിനാണ് അവർ വെറുക്കുന്നത്? അവരെല്ലാം 11-ാം ക്ലാസില്‍ പഠിക്കുന്നവരാണ്. പിന്നില്‍ പ്രവർത്തിക്കുന്ന ആരോ ആണ് അവർക്ക് ഇങ്ങനെ പെരുമാറാൻ ധൈര്യം നല്‍കിയതെന്നും സുരേഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.