ബെംഗളൂരു: മുഡ (മൈസൂരു നഗര വികസന അതോറിറ്റി) അഴിമതിക്കേസിൽ ലോകായുക്ത പോലീസ് അന്വേഷണറിപ്പോർട്ട് ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ നൽകും.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ഇതിനിടെ, കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ക്ലീൻചിറ്റ് നൽകുമെന്ന അഭ്യൂഹം ശക്തമാണ്. ഇങ്ങനെ വന്നാൽ, സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി.
എന്നാൽ, ക്ലീൻചിറ്റുമായി ബന്ധപ്പെട്ട ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യയുടെ മകനും എം.എൽ.സി.യുമായ ഡോ. യതീന്ദ്ര അറിയിച്ചു. എന്തുവന്നാലും സത്യം ജയിക്കും.
തന്റെ പിതാവിനും കുടുംബത്തിനും അഴിമതി ആരോപണവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത അവസാനഘട്ടത്തിൽ മൈസൂരുവിലെ മുഡ ഓഫീസിലെത്തി രേഖകൾ പരിശോധിച്ചു. വ്യാഴാഴ്ച അന്വേഷണസംഘം നാലുമണിക്കൂറോളമാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചത്.
രണ്ടാംതവണയാണ് അന്വേഷണസംഘം രേഖകൾ പരിശോധിക്കുന്നത്. ആവശ്യമുള്ള എല്ലാ രേഖകളുടെയും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയതായി മുഡ കമ്മിഷണർ എ.എൻ. രഘുനന്ദൻ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.