ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനെതിരേ പരാതികൾ വ്യാപകമാകുന്നതിനിടെ വ്യത്യസ്ത സമരവുമായി ഹാവേരിയിൽ സ്ത്രീകൾ. കമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തായിരുന്നു സമരം. മുഖ്യമന്ത്രിക്കുള്ള നിവേദനത്തോടൊപ്പമാണ് താലിമാലയും അയച്ചത്.
ഹാവേരിയിലെ പോസ്റ്റ് ഓഫീസിനുമുൻപിലായിരുന്നു സമരം. റാണിബെന്നൂരിലെ കർഷകസംഘടനയാണ് സമരത്തിന് നേതൃത്വം നൽകിയത്.
ഫിനാൻസ് കമ്പനികളുടെ പ്രതിനിധികൾ വീട്ടിലെത്തി ഭർത്താക്കൻമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്ത്രീകൾ പറഞ്ഞു. ഭർത്താക്കന്മാരെയും താലിമാലയെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
റാണിബെന്നൂരിലും സമീപത്തുമുള്ള താലൂക്കുകളിൽ ഉയർന്ന പലിശനിരക്കിലാണ് ആളുകൾക്ക് വായ്പ നൽകിയിരിക്കുന്നത്. വായ്പാഗഡുക്കൾ അടച്ചിട്ടും കൂടുതൽ പണം കമ്പനിയുടെ ആളുകൾ ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു. കമ്പനി ഉദ്യോഗസ്ഥരെത്തി വീടുകൾ അടപ്പിക്കുകയും വീട്ടിലെ പുരുഷന്മാരോട് സ്ഥലം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതായും അവർ പറഞ്ഞു.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം സിദ്ധരാമയ്യ സർക്കാരിന് നഷ്ടപ്പെട്ടതായി ഹാവേരി എം.പി.യും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ കുറ്റപ്പെടുത്തി. ഇത്തരം കമ്പനികൾ ഉയർന്ന പലിശ ഈടാക്കുന്നത് നിയന്ത്രിക്കാൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ നിയമം കൊണ്ടുവന്നിരുന്നു.
പക്ഷേ, ഇത് പിന്നീട് കോടതി സ്റ്റേചെയ്തു. സ്റ്റേയുത്തരവ് നീക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും ബൊമ്മെ പറഞ്ഞു. മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണിയെത്തുടർന്ന് മൈസൂരു ജില്ലയിലെ നഞ്ചൻകോട്, ചാമരാജ് നഗരിലെ യെലന്തൂർ, കുടക് ജില്ലയിലെ മടിക്കേരി എന്നിവിടങ്ങളിൽ കുടുംബങ്ങൾ വീടൊഴിഞ്ഞു പോകുന്നതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.