റമദാനിൽ പ്രമേഹം നിയന്ത്രിക്കാം 

വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയാണ് പതിവ്.

സൂര്യാസ്തമയത്തിന് ശേഷമാണ് നോമ്പ് തുറക്കുന്നതും ആഹാരം കഴിക്കുന്നതും തുട‍ര്‍ച്ചയായ മുപ്പത് ദിവസം, അതും ഇപ്പോഴത്തെ വേനല്‍ ചൂടിനെ അതിജീവിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. പ്രമേഹമുള്ളവ‍ര്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പുല‍ര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്ന രീതിയില്‍ ഭക്ഷണവും ജീവിതശൈലിയും ക്രമീകരിക്കുകയാണ് വേണ്ടത്.

വ്രതാനുഷ്ഠാനത്തിന്റെ സ്വഭാവവും ഈ കാലയളവിലെ ഭക്ഷണരീതിയും അടിസ്ഥാനമാക്കി പ്രമേഹം പിടിച്ചുനി‍ര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ജോതിദേവ്സ് ഡയബറ്റിസ് റിസ‍ര്‍ച്ച്‌ സെന്റ‍ര്‍ ചെയ‍ര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ജോതിദേവ് കേശവദേവ് വിശദീകരിക്കുന്നതിങ്ങനെ. റമദാനില്‍ പന്ത്രണ്ട് മണിക്കൂറിലേറെ ഉപവസിക്കുന്നതിനാല്‍ പ്രമേഹമുള്ളവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.

ഇന്ന്, പ്രമേഹമുള്ളവര്‍ക്ക് അവരുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാനാകുന്ന ഉപകരണങ്ങള്‍ ലഭ്യമാണ്. തുട‍ര്‍ച്ചയായി ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റംസ് ഉപയോഗിക്കാം. നേരത്തേ മുതല്‍ പ്രചാരത്തിലുള്ള വിരലില്‍ സൂചി കുത്തി ഗ്ലൂക്കോസ് അളവ് നി‍ര്‍ണയിക്കുന്ന രീതിയിലെ വേദനയില്‍ നിന്ന് മുക്തി നേടുകയുമാവാം. മാത്രമല്ല ഇത് കൂടുതല്‍ വേഗവും കൃത്യതയുമുള്ള ഫലം നല്‍കുകയും ചെയ്യുന്നു. തത്സമയ ഗ്ലൂക്കോസ് റീഡിങ്ങ് നല്‍കുന്ന ഫ്രീസ്റ്റൈല്‍ ലിബ്രെ പോലെയുള്ള, ശരീരത്തില്‍ ധരിക്കാവുന്ന കൂടുതല്‍ സൗകര്യപ്രദമായ ഉപകരണങ്ങളുമുണ്ട്. ഇത് ഇഫ്താ‍ര്‍ വേളയിലും പുല‍ര്‍ച്ചെ സെഹ്‍രിയുടെ സമയത്തും കൃത്യമായ ഗ്ലൂക്കോസ് അളവ് കാണിച്ചുതരും.

– സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും നോമ്പുകാലത്ത് ഒരു പോലെ പ്രധാനമാണ്. അതുറപ്പാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

– ഇഫ്താറിലെയും അത്താഴ വിരാമത്തിലെയും ഭക്ഷണം – കാ‍‍ര്‍ബോഹൈഡ്രൈറ്റിനാല്‍ സമ്പന്നമായ ലഘു ഭക്ഷണം, ഒന്നോ രണ്ടോ ഈത്തപ്പഴം, പാല്‍ തുടങ്ങി ശരീരത്തിന് വേഗത്തില്‍ ആഗിരണം ചെയ്യാനാവുന്ന വിഭവങ്ങള്‍ കൊണ്ട് നോമ്പ് തുറക്കാന്‍ ശ്രമിക്കുക. ശേഷം ബ്രൗണ്‍ റൈസോ, ചപ്പാത്തിയോ കഴിക്കാം. അത്താഴ വിരാമത്തിന് ധാന്യങ്ങളും പച്ചക്കറികളുമാണ് കൂടുതൽ നല്ലത് . പരമാവധി വൈകി കഴിക്കുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമായ ഊ‍ര്‍ജ്ജം നിലനിര്‍ത്താന്‍ മീന്‍, ടോഫു, നട്സ് തുടങ്ങിയ ലീന്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. ഉറങ്ങുന്നതിന് മുമ്പ് പാലോ പഴങ്ങളോ കഴിക്കുന്നത് അതിരാവിലെ വരെ പഞ്ചസരയുടെ ശരിയായ അളവ് നിലനി‍ര്‍ത്താന്‍ സഹായിക്കും.

– ദിവസവുമുള്ള വ്യായാമം – ദിനചര്യയുടെ ഭാഗമായുള്ള വ്യായാമം നിലനി‍ര്‍ത്താന്‍ ശ്രമിക്കുക. എന്നാല്‍ നോമ്പ് സമയത്ത് അതിന്റെ തീവ്രത കുറയ്ക്കണം. സാധാരണ ശീലമാക്കിയിരുന്ന വ്യായാമങ്ങള്‍ നോമ്പ് കാലത്ത് ബുദ്ധിമുട്ടാണെങ്കില്‍ നടത്തമോ, യോഗ പോലെയുള്ള ആയാസരഹിതമായ വ്യായാമ മാ‍ര്‍ഗങ്ങള്‍ മാത്രം സ്വീകരിക്കാം. റമദാനില്‍ കലോറി കുറവുള്ളപ്പോള്‍ മസില്‍ ചുരുങ്ങാതിരിക്കാന്‍ റെസിസ്റ്റന്‍സ് ട്രെയിനിംഗ് രീതി സഹായിക്കും.

– ഉറങ്ങുന്നതിന്റെ രീതികള്‍ – ആവശ്യത്തിന് ഉറങ്ങുകയെന്നത് പ്രധാനമാണ്. ഉറക്കക്കുറവ് വിശപ്പിന്റെ ഹോര്‍മോണുകളെ ബാധിക്കും. ഇത് ഉയ‍ര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങളെ ചെറുക്കുന്നതില്‍ പ്രയാസമുണ്ടാക്കും. ശരീരത്തിലെ മെറ്റാബോളിക് പ്രവ‍ര്‍ത്തനങ്ങള്‍ക്കും ഉറക്കം അത്യാവശ്യമാണ്.

എങ്കില്‍ മാത്രമേ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം സുഗമമാവുകയുള്ളൂ. പ്രമേഹമുള്ളവ‍ര്‍ റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us