തിരുവനന്തപുരം: മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. ശബരിമല നട തുറക്കുന്ന നവംബർ 17ന് താൻ സന്നിധാനത്ത് എത്തുമെന്നാണ് തൃപ്ത ദേശായി അറിയിച്ചത്. സുരക്ഷ വേണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തൃപ്തി ദേശായി കത്തെഴുതി. ആറ് യുവതികളും തനിക്കൊപ്പമുണ്ടാകുമെന്ന് അവർ അറിയിച്ചു. അതേസമയം അയ്യപ്പഭക്തർ തൃപ്തിയെ തടയുമെന്നാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. അയ്യപ്പഭക്തർ നിലത്തു കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ അവർ ശബരിമല ചവിട്ടുകയൂള്ളൂവെന്നും രാഹുൽ പ്രതികരിച്ചു.
ദർശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തു നൽകുമെന്നും തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവർ കത്തു നൽകിയതും. കൊച്ചിയിൽ എത്തുമെന്നും അവിടെ മുതൽ സുരക്ഷ വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജീവന് ഭീഷണി ഉള്ളതിനാൽ വൃശ്ചികം ഒന്നിന് വൈകുന്നേരം ഏഴ് മണിയോടെ ദർശന സൗകര്യം വേണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കോടതി തീരുമാന പ്രകാരം യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തന്നെ ദർശനം നടത്താൻ അനുവദിക്കണെന്നാണ് തൃപ്തിയുടെ ആവശ്യം.
സുപ്രീംകോടതി വിധി വരുന്നതിനു മുൻപ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയിൽ കയറുമെന്ന് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു തൃപ്തി ദേശായി. സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകൾക്കും ഇത് വിജയദിവസമാണെന്നായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. ഒരു കൂട്ടം സ്ത്രീകൾക്കൊപ്പമായിരിക്കും താൻ ശബരിമലയിലെത്തുക എന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്ത്രീകൾക്കെതിരായ അസമത്വം അവസാനിപ്പിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടു. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമലയിൽ എത്താൻ മടിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവർ ശബരിമലയിലേക്കും എത്താൻ ശ്രമിക്കുന്നത്.
എന്തായാലും മണ്ഡലകാലത്ത് നട തുറക്കുമ്പോൾ സർക്കാരിനും പൊലീസിനും കാര്യങ്ങൾ കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പാണ്. റിവ്യൂ പെറ്റീഷൻ പരിഗണിക്കുമ്പോൾ സുപ്രീം കോടതി മനസ്സുമാറ്റുമോ എന്ന ആശങ്ക ഇനിയും യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാറിനെ പിന്നോട്ടു വലിക്കുകയും ചെയ്യും. തൃപ്തി എത്തിയാൽ അവിടെ സംഘർഷ സാധ്യത വർദ്ധിക്കുകയും ചെയ്യും. ആർഎസ്എസ് യുവതി പ്രവേശനത്തെ എതിർക്കുമെന്ന് വത്സൻ തില്ലങ്കേരിയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മണ്ഡലകാലത്ത് സംഘപരിവാർ പ്രവർത്തകർ തമ്പടിക്കും.
വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണ് സുപ്രീംകോടതി തീരുമാനം തിരുത്തിയതെന്നും പുനപ്പരിശോധനാ ഹർജികളിൽ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ തീരുമാനത്തോടെ സർക്കാർ ശബരിമലയിൽ ഇനിയും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ ഉള്ള സ്ഥിതി അല്ല മണ്ഡല കാലത്ത് ഉണ്ടാവുക. ഈ രണ്ട് തവണ നട തുറന്നപ്പോഴും ഉള്ളതിനെക്കാൾ പതിന്മടങ്ങ് ആളുകളാണ് സന്നിധാനത്ത് എത്തുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.