നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം ഇറങ്ങുന്നത് പ്രദേശവാസികളിലും വിനോദസഞ്ചാരികളിലും വലിയ ആശങ്ക പരത്തുന്നു. രാത്രികാലങ്ങളിലാണ് കുന്നിൻ പ്രദേശത്തിന് ചുറ്റും കരടികൾ കൂട്ടമായി പ്രത്യക്ഷപ്പെടുന്നത്. കാരഹള്ളി ക്രോസിനടുത്തുള്ള ഒരു റിസോർട്ടിന്റെ മുള്ളുവേലി മുകളിലൂടെ ചാടിക്കടന്ന് കരടി അകത്തുപ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന നന്ദിഗിരിധാമിൽ വാരാന്ത്യങ്ങളിൽ തിരക്ക് പിന്നെയും വർദ്ധിക്കാറുണ്ട്. എന്നാൽ കാട്ടിൽ നിന്നും ഇറങ്ങുന്ന കരടികൾ രാത്രികാലങ്ങളിൽ ഹിൽ സ്റ്റേഷന് സമീപമുള്ള വീടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് ചുറ്റും കറങ്ങുന്നത് ഇപ്പോൾ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. നന്ദിഗിരിധാമിന് സമീപം കരടി ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളെ ശല്യപ്പെടുത്താതെ സഹകരിക്കണമെന്ന് വനം വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിഭ്രാന്തി ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി ചില പ്രധാന മുൻകരുതൽ നിർദ്ദേശങ്ങളും വനം വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ:

  • പരിഭ്രാന്തരാകരുത്: കരടികൾ മുന്നിൽപ്പെട്ടാൽ ഉടൻ തന്നെ പരിഭ്രാന്തരായി ഓടിപ്പോകാൻ ശ്രമിക്കരുത്.

  • പ്രകോപിപ്പിക്കരുത്: കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ വേണ്ടി അവയ്ക്ക് നേരെ കല്ലെറിയാനോ തീയിടാനോ ശ്രമിക്കരുത്.

  • അകലം പാലിക്കുക: വന്യജീവികളിൽ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

  • ശാന്തത പാലിക്കുക: മനുഷ്യരിൽ നിന്ന് ഉപദ്രവമൊന്നും ഉണ്ടാകില്ലെന്ന് ബോധ്യപ്പെട്ടാൽ കരടികൾ സ്വയം കാട്ടിലേക്ക് മടങ്ങിപ്പോകും. അതിനാൽ ശാന്തത പാലിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts