ബെംഗളൂരു: അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായെന്ന് വിവാദ ആൾ ദൈവം നിത്യാനന്ദ!! പീഡന കേസുകൾക്കും വിവാദങ്ങൾക്കും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ കണ്ണീരോടെ തന്റെ ജീവിതം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
കൈലാസ രാജ്യത്തെ കുറിച്ചും രാജശേഖരൻ എന്ന യുവാവ് നിത്യാനന്ദയായി എങ്ങനെ മാറി എന്നതിനെ കുറിച്ചും ഇയാൾ പറയുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ മധുര മീനാക്ഷി ദേവിയാണെന്ന് ഇയാൾ പറയുന്നു. ദേവിയുടെ അനുഗ്രഹം കൊണ്ടാണ് പാസ്പോർട്ട് പുതുക്കി കിട്ടിയതും തനിക്ക് കൈലാസം ലഭിച്ചതെന്നും ഇയാൾ പറയുന്നു.
ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ തല്ലി ഓടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളർച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് ഇയാൾ വ്യക്തമാക്കുന്നു. ‘പട്ടിണി കൂടിയപ്പോൾ ഭക്തി മാർഗം സ്വീകരിച്ചു. തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കും.
അവിടെ നിന്ന് ലഭിക്കുന്ന തൈർസാദമായിരുന്നു ഭക്ഷണം. അവിടെ നാമം ജപിച്ചു കൂടിയ എന്നെ ചിലർ പൊതിരെ തല്ലി. ആ നാട്ടിൽ നിന്ന് ഓടിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട് അതിൽ നിന്ന് പിൻമാറി. നാട്ടിൽ നിന്ന് ഓടിയെത്തിയത് ബംഗളൂരുവിൽ.’
‘അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ രോഗം ഭേദപ്പെടുത്തി കൊടുത്തു. അവിടെ നിന്നാണ് ജീവിതത്തിന്റെ വഴിത്തിരിവ്. രോഗം സുഖമാക്കിയ വിവരം അറിഞ്ഞ് ഭക്തരുടെ എണ്ണം കൂടി. ‘ഒരിക്കൽ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാൻ കുറേ പഴങ്ങൾ ആശീർവദിച്ച് നൽകി. അതിൽ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിൾ കഴിച്ചതോടെ അവർക്ക് ഗർഭം ഉണ്ടായി.’
‘ഇതു വലിയ വാർത്തയായി. പത്രവാർത്തെയാക്കെ വന്നു. ഒരു പൈനാപ്പിൾ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനായ എന്നെ തേടി എല്ലാവരും വരാൻ തുടങ്ങി. അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായി. അങ്ങനെ മുത്തയ്യാ ചെട്ടിയാരുടെ മാളികയിൽ കൂലിവേല ചെയ്തിരുന്ന പയ്യൻ പ്രശസ്തനായി. പിന്നീട് ഭൂമി പലരും ദാനം ചെയ്തു. ആശ്രമം തുടങ്ങി. ഭക്തരുടെ എണ്ണം കൂടി.’
‘പക്ഷേ അവിടെ നിന്ന് എന്നെ ഓടിച്ചു. പിന്നീട് മധുരയിലാണ് എത്തിയത്. അവിടെ മീനാക്ഷി അമ്മയെ ധ്യാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞാൻ മീനാച്ചീ.. മീനാച്ചീ.. എന്ന് കരഞ്ഞു വിളിച്ചപ്പോൾ എന്നാച്ച്… എന്നാച്ച്.. എന്ന് ചോദിച്ചുകൊണ്ട് തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി അമ്മ തന്നെയാണ്.’
‘അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതു കിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. മീനാക്ഷിയുടെ അനുഗ്രഹത്തിൽ ആശ്രമവും വലുതൊന്ന് കെട്ടിക്കിട്ടി. ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും കൈലാസം എന്ന രാജ്യം തന്നെ കിട്ടി.’
ഇതൊക്കെ നിങ്ങളോട് പറയാൻ എന്നെ ഏൽപ്പിച്ചതും മീനാക്ഷി ദേവി തന്നെയാണ്’- നിത്യാനന്ദ വീഡിയോയിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.