മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാക ഘടിപ്പിച്ച കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.
പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്.
കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകളുമാണ് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ 26-ന് ‘എം.വി സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. നിലവിൽ കപ്പൽ പണ്ട്‌ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് എത്തിച്ചിരിക്കുകയാണ്.
കപ്പൽ റാഞ്ചിയ വിവരമറിഞ്ഞ് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ഇതിന് സമീപമെത്തിയിട്ടുണ്ട്. കൂടാതെ, തുർക്കിയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശം നിരീക്ഷിച്ചുവരികയാണ്.
അതിനിടെ, കഴിഞ്ഞ ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ രണ്ട് പേർ കപ്പലിനടുത്തേക്ക് വരികയും കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ എത്തിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ ബോട്ട് തിരികെ കരയിലേക്ക് പോയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. എന്നാൽ ഈ ആക്രമണം ആരാണ് നടത്തിയത് എന്നതിനെക്കുറിച്ചോ കൊല്ലപ്പെട്ടവർക്ക് കപ്പൽ റാഞ്ചലുമായി നേരിട്ട് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ സ്ഥിരീകരണമില്ല. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
