തിരുവനന്തപുരം: കേരളത്തിൽ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നു. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്. മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഉണ്ടാകും.
1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം മുന്നണിയിലെ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു എന്ന സവിശേഷതയും ഈ സർക്കാരിനുണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് ‘ടീം വി.ഡി.എസ്’ രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 14 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. യുവാക്കളുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം രണ്ട് വനിതാ മന്ത്രിമാരും പട്ടികവിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയത്തിലെ അപ്രതീക്ഷിത മുന്നേറ്റം മന്ത്രിസഭാ രൂപീകരണത്തിലും നിലനിർത്താൻ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, ചില ഘടകകക്ഷികൾക്കിടയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ടേം വ്യവസ്ഥകളിൽ ഉഭയകക്ഷി ധാരണയായിട്ടുണ്ടെങ്കിലും പൂർണ്ണമായ തർക്കപരിഹാരമായിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശത്തോട് ഇരുവർക്കും വിയോജിപ്പുണ്ടെന്നാണ് സൂചന. എന്നാൽ നിശ്ചയിച്ച പ്രകാരം ആദ്യഘട്ടത്തിൽ അനൂപ് ജേക്കബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിം ലീഗിലും രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനത്തിൽ മാറ്റമുണ്ടാകും. രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും, നിലവിലുള്ളവരിൽ ആരെയാണ് മാറ്റേണ്ടതെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇവര്‍ മന്ത്രിമാര്‍
വിഡി സതീശന്: മുഖ്യമന്ത്രി
രമേശ് ചെന്നിത്തല: ആഭ്യന്തരം
കെ മുരളീധരന്
സണ്ണി ജോസഫ്
മോന്‍സ് ജോസഫ്
ഷിബു ബേബിജോണ്‍
അനൂപ് ജേക്കബ്
സിപി ജോണ്‍
എപി അനില്‍കുമാര്‍
എന്‍ ഷംസുദ്ദീന്
പിസി വിഷ്ണുനാഥ്
റോജി എം ജോണ്‍
ബിന്ദു കൃഷ്ണ
എം ലിജു
ടി സിദ്ദിഖ്
കെഎം ഷാജി
പികെ ബഷീര്‍
വിഇ അബ്ദുല്‍ ഗഫൂര്‍
കെഎ തുളസി
ഒജെ ജനീഷ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്പീക്കര്‍. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്.
മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസില്‍ നിന്നു 12 പേരാണ് മന്ത്രിസഭയിലെത്തുന്നത്. മുസ്ലീം ലീഗിന് 5 മന്ത്രിമാരും കേരള കോണ്‍ഗ്രസ് (ജോസഫ്), ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഒരോ മന്ത്രി വീതവുമാണ് ഉള്ളത്.
