ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജീവിതച്ചെലവിനെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാകുന്നു. നഗരത്തിൽ താമസിക്കുന്ന പ്രിയങ്ക ഘോഷ് എന്ന ആമസോൺ ജീവനക്കാരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്കും പങ്കാളിക്കും കൂടി ഒരു ഞായറാഴ്ച മാത്രം ചെലവായത് 8,156 രൂപയാണെന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
തങ്ങൾ നടത്തിയ യാത്രകളും ഭക്ഷണക്രമവും ഉൾപ്പെടുത്തിയാണ് പ്രിയങ്ക വീഡിയോ തയ്യാറാക്കിയത്. ഞായറാഴ്ച ബെംഗളൂരുവില്‍ താമസിക്കാനായി ഞങ്ങള്‍ ചെലവഴിച്ച തുകയാണ് പറയുന്നത്.
പ്രഭാതഭക്ഷണം ഒഴിവാക്കിയിട്ടും ഉച്ചഭക്ഷണത്തിന് (സൗത്ത് ഇന്ത്യൻ മീൽസ്, പറോട്ട തുടങ്ങിയവ) 1,150 രൂപയായി. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് സൂപ്പ്, കുട്ടു പറോട്ട, സൗത്ത് മീല്‍, രണ്ട് ബട്ടര്‍ മില്‍ക്ക്, ഇതെല്ലാം കഴിച്ചതോടെയാണ് ഏകദേശം 1150 രൂപ ചെലവായതെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം ഇരുവരും മധുരപലഹാരം കഴിക്കാന്‍ പോയി. ഐസ്‌ക്രീം കഴിക്കുകയും ചെയ്തിരുന്നു. 370 രൂപയും അധികം നൽകി. വൈകുന്നേരത്തെ കോഫിക്കും ലഘുഭക്ഷണത്തിനുമായി 650 രൂപയും അത്താഴത്തിന് 647 രൂപയും ചെലവായി. അങ്ങോടും ഇങ്ങോടും കൂടി ഓട്ടോ റിക്ഷാ ചാർജ് ഇനത്തിൽ മാത്രം 500 രൂപയോളം ചെലവഴിച്ചു.നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വാങ്ങാനായി 2,921 രൂപയും പ്രോട്ടീൻ സപ്ലിമെന്റുകൾക്കായി 1,850 രൂപയും വേണ്ടിവന്നു.
ചർച്ചയായി വീഡിയോ
ബെംഗളൂരുവിൽ മാന്യമായി ജീവിക്കണമെങ്കിൽ കൈവശം വലിയൊരു തുക വേണമെന്ന പൊതുഅഭിപ്രായത്തെ ശരിവെക്കുന്നതാണ് ഈ വീഡിയോ എന്ന് പലരും കമന്റ് ചെയ്യുന്നു. നഗരത്തിലെ വർധിച്ചുവരുന്ന യാത്രാക്കൂലിയും ഭക്ഷണസാധനങ്ങളുടെ വിലയുമാണ് സാധാരണക്കാരെയും ഇടത്തരക്കാരെയും ഒരുപോലെ വലയ്ക്കുന്നത്. പട്ടിണി കിടക്കാൻ പോലും പതിനായിരങ്ങൾ വേണമെന്ന പരിഹാസം ബെംഗളൂരു നിവാസികൾക്കിടയിൽ പണ്ടേയുള്ളതാണെങ്കിലും, കൃത്യമായ കണക്കുകൾ സഹിതം പുറത്തുവന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
