ബെംഗളൂരു : കർണാടകത്തിലെ ക്ഷേത്രങ്ങളിൽനിന്നുളള ഇ-പ്രസാദ വിതരണം കൂടുതൽ വ്യാപകമാക്കുന്നു.
ഓൺലൈൻ മുഖേന വിവാഹക്ഷണക്കത്ത് നൽകിയാൽ പൂജിച്ച കുങ്കുമവും താലിച്ചരടും വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇ-പ്രസാദ വിതരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇ-പ്രസാദ വിതരണം നടത്തുന്ന ക്ഷേത്രങ്ങളുടെ എണ്ണം 24 ആയി വർധിപ്പിച്ചു.
സാധാരണ വിവാഹത്തിനുള്ള താലിച്ചരടും കുങ്കുമവും ക്ഷേത്രത്തിൽ എത്തി പൂജചെയ്തു വാങ്ങുകയാണ് ചെയ്യുന്നത്. വിവാഹക്ഷണക്കത്തുമായി ക്ഷേത്രദർശനം നടത്തുകയും പൂജചെയ്യുന്നതും പതിവാണ്.
എന്നാൽ, ഇത് ഓൺലൈൻ മുഖേന ചെയ്യാനുള്ള സൗകര്യം സർക്കാർതന്നെ ഒരുക്കുകയായിരുന്നു.
മുസ്‌റായ് (ദേവസ്വം) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഈ വർഷം മാർച്ചിലാണ് ഇ-പ്രസാദ വിതരണം ആരംഭിച്ചത്. കൊല്ലൂർ മുകാംബിക അടക്കമുള്ള ക്ഷേത്രങ്ങളിൽനിന്നുള്ള പ്രസാദം ഓൺലൈനിൽ ബുക്ക് ചെയ്യാം.
csc.devalayas.com എന്ന വെബ് സൈറ്റ് മുഖേനയാണ് ഇതിന് ഓർഡർ നൽകേണ്ടത്. പല ക്ഷേത്രങ്ങളിലും പ്രസാദത്തിന് പല നിരക്കാണ്.
150 രൂപമുതൽ 350 രൂപവരെ നൽകിയാൽ നേരിട്ട് ക്ഷേത്രത്തിൽ എത്താതെതന്നെ പ്രസാദം ലഭിക്കും. ഒരു മാസം 2000 പേരോളമാണ് ഇത്തരത്തിൽ ഓൺലൈൻ മുഖേന പ്രസാദം ഓർഡർചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.