കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന (27) മരിച്ച സംഭവത്തിൽ തീപിടിത്തത്തിന് കാരണം പെട്രോളാണെന്ന് പോലീസ് നിഗമനം. കാറിനുള്ളിൽ പെട്രോൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. തീ കത്താൻ ഇടയാക്കിയ പെട്രോൾ എങ്ങനെയാണ് കാറിനുള്ളിലേക്ക് എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.

കാറിന് ഇന്ധനച്ചോർച്ചയോ ഷോർട്ട് സർക്യൂട്ടോ ഉണ്ടായിരുന്നില്ലെന്ന് ഫൊറൻസിക്, മോട്ടോർ എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. എസി, റേഡിയേറ്റർ, വയറിങ്, എൻജിൻ റൂം എന്നിവ പൂർണ്ണമായും സുരക്ഷിതമാണെന്ന് മോട്ടോർ വാഹന വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നും ഈ സമയം വലിയ ശബ്ദം കേട്ടിരുന്നതായും നാട്ടുകാർ മൊഴി നൽകിയിരുന്നു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോൾ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ പ്രദേശത്തെ പെട്രോൾ പമ്പുകളിലും ടൗണിലെ സിസിടിവി ദൃശ്യങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. വാഹനമില്ലാതെ പമ്പിലെത്തി പെട്രോൾ വാങ്ങിയ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ നടുവണ്ണൂർ റോഡിന് സമീപം കന്നാസുമായി പോകുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

സംഭവദിവസം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭർത്താവ് രജിൻലാൽ കാറിൽ ഇവിടെ ഇറക്കിയതായും രാത്രി ഏഴരയ്ക്ക് വന്ന് തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്ന് വൈകീട്ട് സോന തന്റെയൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നുവെന്നും, എന്നാൽ ഫാൻസി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നുമാണ് ബന്ധുവായ യുവതിയുടെ മൊഴി. തിരികെവന്ന ശേഷമാണ് രജിൻലാലിനൊപ്പം സോന മടങ്ങിയത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

അപകടദിവസം രാത്രി 7.30-ന് ഇളയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് രണ്ട് മണിക്കൂറോളം എവിടെയാണ് ചെലവഴിച്ചതെന്ന കാര്യത്തിലും, പേരാമ്പ്രയിൽ വെച്ച് സോന തനിച്ച് എവിടെയാണ് പോയതെന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് രജിൻ ലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts