ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ഭരണത്തിന്റെ രണ്ടരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി പാർട്ടിനേതൃത്വം.
നവംബർ 20-നാണ് സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്നത്. നവംബർ അവസാനമോ ഡിസംബർ ആദ്യമോ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.
പുനഃസംഘടനയിൽ ചില മന്ത്രിമാർക്ക് സ്ഥാനംനഷ്ടമാകും. പുതിയമന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനാണിത്. ഇതിന് മാനസികമായി തയ്യാറെടുക്കാൻ സിദ്ധരാമയ്യ മന്ത്രിമാർക്ക് നിർദേശം നൽകിയതായാണ് വിവരം.
അതേസമയം, പുനഃസംഘടനയിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും സിദ്ധരാമയ്യക്ക് മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.
തിങ്കളാഴ്ച സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ ഔദ്യോഗികവസതിയിൽ മന്ത്രിമാർക്ക് നൽകിയ അത്താഴവിരുന്നിനിടെയാണ് മന്ത്രിസ്ഥാനത്യാഗത്തിന് ഒരുങ്ങിയിരിക്കാൻ നിർദേശിച്ചത്.
മന്ത്രിപദവി നഷ്ടമാകുന്നവർ പാർട്ടിയുടെ സംഘടനാ ചുമതലയേറ്റെടുക്കാൻ തയ്യാറാകണമെന്നും സിദ്ധരാമയ്യ നിർദേശിച്ചെന്നാണ് വിവരം.
ഏതാനും മുതിർന്നമന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് സ്ഥാനംനൽകാനാണ് പാർട്ടി ആലോചിക്കുന്നതെന്നാണ് സൂചന. ഇതിനായി മന്ത്രിമാരുടെ പ്രകടനം പാർട്ടി ദേശീയനേതൃത്വം വിലയിരുത്തിയിരുന്നു.
2028-ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുൻപിൽ കണ്ടായിരിക്കും ഹൈക്കമാൻഡ് നീക്കം.
രണ്ടരവർഷം കഴിയുമ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന് കൈമാറണമെന്ന് സർക്കാർ അധികാരമേൽക്കുമ്പോൾ ധാരണയിലെത്തിയതാണെന്ന് സൂചനയുണ്ട്.
പക്ഷേ, താൻ അഞ്ചുവർഷം തികച്ചുഭരിക്കുമെന്ന് സിദ്ധരാമയ്യ ആവർത്തിച്ചു പറയുമ്പോൾ പഴയധാരണ നടപ്പാക്കാൻ നേതൃത്വം ശ്രമിക്കുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.