വൻആൾക്കൂട്ട സാധ്യതയുള്ള ആഘോഷങ്ങൾക്ക് പുതിയ വ്യവസ്ഥയുമായി കർണാടക സർക്കാർ. ആഘോഷം നടക്കുന്ന സ്ഥലത്ത് തന്നെ അടിയന്തര ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാനാണ് ഒരുങ്ങുന്നത്.
ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സേവനവും അടിയന്തര ചികിത്സ ഉപകരണങ്ങൾ അടക്കമുള്ളവയും പരിപാടികൾ നടത്തുന്ന സ്ഥലത്ത് ലഭ്യമായിരിക്കണം. പരിപാടിയ്ക്ക് അനുമതി നൽകുന്നത് ഇത് പരിഗണിച്ചാകും.
മതിയായ എണ്ണം ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ തുടങ്ങിയവ പരിപാടി നടത്തുന്ന ഇടങ്ങളിലുണ്ടെങ്കിൽ മാത്രമായിരിക്കും ആരോഗ്യവകുപ്പ് എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുക.
എൻഒസി എല്ലാ വലിയ പരിപാടികൾക്കും നിർബന്ധമാക്കും. ഇതുസംബന്ധിച്ച് സർക്കാർ തലത്തിലുള്ള ചർച്ചകൾ കഴിഞ്ഞു. ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെയുള്ള തിരക്കിൽപ്പെട്ട് മരിച്ചവരിൽ പലർക്കും യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന പരാതി ഉയർന്നിരുന്നു.
ശ്വാസതടസ്സമുണ്ടായ പലർക്കും റോഡിൽ കിടത്തിയാണ് പ്രാഥമിക ചികിത്സ നൽകിയത്. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് പ്രാഥമിക ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ ക്രമീകരിക്കണമെന്ന വ്യവസ്ഥകൊണ്ടുവരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.