ബെംഗളൂരു: ഐടി ഹബ്ബുകളിൽ ആഗോളതലത്തിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് ബെംഗളൂരു. യുഎസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനം സിബിആർഇ (കോൾഡ്‌വെൽ ബാങ്കേഴ്‌സ് റിച്ചാർച്ച് എല്ലീസ്) പുറത്തിറക്കിയ ‘ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ് ബുക്ക്-2025’ പഠനപ്രകാരം ലോകത്തെ ഏറ്റവും ശക്തമായ 12 ഐടി ഹബ്ബുകളിൽ ഒന്നാണ് ബെംഗളൂരു.
സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ടോക്യോ, ബെയ്ജിങ്, പാരീസ് തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് ഐടി ജീവനക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ട ബെംഗളൂരുവിന്റെ സ്ഥാനം.
ജോലിമികവുള്ള ജീവനക്കാർ, ഐടി രംഗത്തെ വളർച്ച, നിക്ഷേപം, നിർമിത ബുദ്ധി (എഐ) മേഖലയിലെ സാന്നിധ്യം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തെ ഐടി ഹബ്ബുകളെ സിബിആർഇ പഠനത്തിൽ വിലയിരുത്തുന്നത്. ഇത് പ്രകാരം ആദ്യ 12 സ്ഥാനത്തുള്ള നഗരങ്ങളാണ് ആഗോള ഐടി പവർഹൗസുകൾ. ഇതിലാണ് ബെംഗളൂരുവും ഇടംനേടിയത്. എഐയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബെംഗളൂരുവിന്റെ വളർച്ചയ്ക്ക് കാരണമായി. രാജ്യത്ത് ഏറ്റവും കൂടുതൽ എഐ പ്രൊഫഷണലുകൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്.
ജനസംഖ്യയിൽ ജോലി പ്രായമുള്ളവരുടെ എണ്ണം കൂടുതലാണെന്നും പഠനത്തിൽ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ ലോകത്ത് നാലാംസ്ഥാനമാണ് ബെംഗളൂരുവിനുള്ളത്.