ബെംഗളൂരു: രാജസ്ഥാനില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനില്‍ കൊണ്ടുവന്നത് ആട്ടിറച്ചി തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ.
നേരത്തെ, പട്ടിയിറച്ചിയാണ് ആട്ടിറച്ചിയെന്ന വ്യാജേന കൊണ്ടുവന്നതെന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിന് വ്യാപക പ്രചാരവും ലഭിച്ചു.
സംഭവത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണവും വ്യാപകമാണ്.
രാജസ്ഥാനില്‍ നിന്നുള്ള സിരോഹി ഇനത്തില്‍പെട്ട ആടിന്‍റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.
രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്.
ഇവക്ക് സാധാരണയേക്കാള്‍ നീണ്ട വാലുകളാണുണ്ടാവുക.
അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്.
പരിശോധിച്ച മാംസത്തിലൊന്നും പട്ടിയിറച്ചിയല്ല -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാംസത്തിന്‍റെ സാമ്പിള്‍ പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.
ഇതിന്‍റെ വിശദമായ പരിശോധനഫലം വരാൻ ഏഴ് ദിവസമെങ്കിലും എടുക്കുമെന്നാണ് വിവരം.
ബെംഗളൂരുവിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായി വെള്ളിയാഴ്ച എത്തിച്ച പാർസലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ആരോപണമുയർന്നത്.
ഗോസംരക്ഷക ഗുണ്ടയും കൊലക്കേസ് പ്രതിയുമായ പുനീത് കെരഹള്ളിയുടെ നേതൃത്വത്തിലാണ് ഒരു സംഘം റെയില്‍വേ സ്റ്റേഷനിലെത്തി മാംസം പട്ടിയിറച്ചിയാണെന്ന് ആരോപിച്ചത്.
അബ്ദുല്‍ റസാഖ് എന്ന മാംസ വ്യാപാരിയുടെ പേരിലാണ് പാർസല്‍ എത്തിയത്.
ആട്ടിറച്ചി കൊണ്ടുവരാനുള്ള എല്ലാ ലൈസൻസും ഉണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
ഇയാള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇതോടെ, തീവ്ര ഹിന്ദുത്വവാദികളായ ചിലർ വ്യാപക വിദ്വേഷ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.