ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ന്യൂഡൽഹി: ഓടുന്ന ട്രെയിൻ കോച്ചിനുള്ളിൽ പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള സുരക്ഷാ ചോദ്യങ്ങളുയർത്തി നെറ്റിസൺസ്. ട്രെയിൻ യാത്രയ്ക്കിടയിൽ ഇത്തരമൊരു ചടങ്ങ് നടത്താൻ എങ്ങനെ അനുമതി ലഭിച്ചുവെന്നും ഇതിലെ സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു പുരോഹിതൻ കോച്ചിന്റെ തറയിലിരുന്ന് മതപരമായ ചടങ്ങുകൾ നടത്തുന്നതും വെളുത്ത വസ്ത്രം ധരിച്ച നിരവധി ഭക്തർ പൂജയിൽ പങ്കുചേരുന്നതുമാണ് വീഡിയോയിലുള്ളത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ രംഗത്തെത്തി. യാത്രക്കാർ മുൻകൂറായി 3,08,580 രൂപ നൽകി ബുക്ക് ചെയ്ത ‘സലൂൺ കോച്ചി’ലാണ് (Saloon Coach) ഈ ചടങ്ങുകൾ നടന്നതെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും വി.ഐ.പികൾക്കുമായി നീക്കിവെച്ചിട്ടുള്ള പ്രത്യേക സ്വകാര്യ റെയിൽ കാരിയേജുകളാണ് സലൂൺ കോച്ചുകൾ. എയർകണ്ടീഷൻ ചെയ്ത കിടപ്പുമുറികൾ, ചെറിയ അടുക്കള (Kitchenette), ലിവിങ്-ഡൈനിങ് ഏരിയ, അനുബന്ധ ശുചിമുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ അടങ്ങിയതാണിവ.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ജൂലൈ 8-നാണ് ഈ കോച്ചിന്റെ കൊമേഴ്‌സ്യൽ ബുക്കിംഗ് നടന്നതെന്നും ജൂലൈ 10-ന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായി 12926 പശ്ചിം എക്സ്പ്രസ് ട്രെയിനിൽ ഈ കോച്ച് ഘടിപ്പിച്ചിരുന്നതായും നോർത്തേൺ റെയിൽവേ എക്സിലൂടെ (X) അറിയിച്ചു. പ്രവർത്തനപരമായ സാധ്യതകൾക്ക് വിധേയമായി ജൂലൈ 10-നാണ് ഈ സലൂൺ കോച്ചിന്റെ സർവീസിനായി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്.

ചടങ്ങുകൾക്കിടയിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ നോർത്തേൺ റെയിൽവേ, യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കൂട്ടിച്ചേർത്തു. കൃത്യനിഷ്ഠ, സുരക്ഷ, യാത്രക്കാരുടെ സൗകര്യം എന്നിവ ഉറപ്പാക്കുകയാണ് റെയിൽവേയുടെ പ്രാഥമിക ചുമതല. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്വകാര്യ വ്യക്തി ബുക്ക് ചെയ്ത സലൂൺ കാറിനുള്ളിലാണ് പൂജയും അഭിഷേകവും നടന്നതെന്നും റെയിൽവേ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കി.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ജൂലൈ ആദ്യവാരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ‘ഹണിമൂൺ കോച്ച്’ വീഡിയോയ്ക്ക് പിന്നാലെയാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്. ബലൂണുകളും പൂക്കളും ‘ഐ ലവ് യു’ സന്ദേശങ്ങളുമൊക്കെയായി ഒരു ദമ്പതികൾ ട്രെയിൻ കോച്ച് അലങ്കരിച്ചതിന്റെ വീഡിയോ അന്ന് വലിയ ചർച്ചയായിരുന്നു. എന്നാൽ കോച്ച് അലങ്കരിക്കാൻ അനുമതി നൽകിയത് അനധികൃതമാണെന്നും അത് സുരക്ഷാവീഴ്ചയായി കണക്കാക്കുന്നുവെന്നുമായിരുന്നു അന്ന് സൗത്ത് സെൻട്രൽ റെയിൽവേ വ്യക്തമാക്കിയത്. രണ്ട് സംഭവങ്ങളിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും റെയിൽവേ ആവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts