രാജ്യത്തൊരിടത്തും മോദി തരംഗം ഇല്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബി.ജെ.പി തരം​ഗമോ മോദി തരം​ഗമോ നിലനിൽക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്.

നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

യു.പി.എ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം 19 എം.പിമാരെ സമ്മാനിച്ചത്.

അതുകൊണ്ട് തന്നെ കേരളത്തോട് കോൺ​ഗ്രസിന് പ്രത്യേക മമതയുണ്ട്.

രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോൺ​ഗ്രസിന്റെ ചരിത്രവും. ആ ചരിത്രവും കോൺ​ഗ്രസിന്റെ മതേതര -ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതി​ഗംഭീര വിജയം യു.ഡി.എഫിന് കേരളം നൽകുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്തുകാർ വിജയിപ്പിക്കും.

ബി.ജെ.പി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു.

മന്ത്രിയെന്ന നിലയിൽ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു. കേരളത്തിലെ ഐ.ടി മേഖലയിൽ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു.

കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അങ്ങനെയുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ അദ്ദേഹത്തെ സ്വാ​ഗതം ചെയ്യുന്നു.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം.

പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയിൽ അവർ യാതൊരു നേട്ടവുമുണ്ടാക്കില്ല.

കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉൾപ്പെടെയുള്ള പ്രമുഖർ തോൽക്കും. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഇന്ത്യ മുന്നണി വൻ മുന്നേറ്റമുണ്ടാക്കും.

ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ആ നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സർക്കാരാകട്ടെ, സാമ്പത്തിക രം​ഗം തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us