ബെംഗളൂരു : ബെംഗളൂരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാട്രെയിൻ മൂന്നാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നെത്തും.
കപ്പൽമാർഗം ചെന്നൈയിലെത്തുന്ന കോച്ചുകൾ റോഡുമാർഗം ബെംഗളൂരുവിലെത്തും.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കോച്ചുകൾ വിതരണംചെയ്യാൻ കരാറെടുത്ത ചൈന റെയിവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി.) കഴിഞ്ഞദിവസം കോച്ചുകൾ പാക്കുചെയ്യുന്നതും കപ്പലിൽ കയറ്റുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
കോച്ചുകളെത്തുന്നതോടെ ഏറെക്കാലമായുള്ള ബെംഗളൂരുവിന്റെ കാത്തിരിപ്പാണ് പൂവണിയുന്നത്. 2019 ഡിസംബറിലാണ് കോച്ചുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി ബെംഗളൂരു മെട്രോ കരാറിലെത്തിയത്.
മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിർദിഷ്ട ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാതയിലാണ് ഡ്രൈവറില്ലാ മെട്രോസർവീസ്.
19.5 കിലോമീറ്ററുള്ള ഈ പാതയിലൂടെ പരീക്ഷണയോട്ടം പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ സർവീസ് തുടങ്ങാനാണ് പദ്ധതി.
ഡ്രൈവറില്ലാ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർക്കുള്ള ഭയം ഒഴിവാക്കാനായി ആദ്യഘട്ടത്തിൽ ലോക്കോ പൈലറ്റിനെയും നിയോഗിക്കും.
ഏതാനും ദിവസങ്ങൾ സർവീസ് നടത്തിയശേഷം ലോക്കോ പൈലറ്റിനെ പിൻവലിക്കും.
രണ്ടുവർഷത്തിനുള്ളിൽ കോച്ചുകളെത്തിക്കുമെന്നായിരുന്നു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതികപ്രശ്നങ്ങളും കോവിഡും തടസ്സമായതോടെ കോച്ചുകൾക്കുള്ള കാത്തിരിപ്പ് നീണ്ടു.
നിലവിൽ ഡൽഹി മെട്രോയിലാണ് ഡ്രൈവർരഹിത ട്രെയിനുകൾ സർവീസ് നടത്തുന്നത്.
കൊൽക്കത്തയിൽ ഇതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സാധാരണ മെട്രോ സിഗ്നലിങ് സംവിധാനത്തിനുപകരമായി കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ ( സി.ബി.ടി.സി.) സിഗ്നലിങ് സംവിധാനമുള്ള ട്രാക്കുകളിലാണ് ഇത്തരം ട്രെയിനുകൾ ഓടിക്കാൻ കഴിയുക.
ബെംഗളൂരു മെട്രോയുടെ യെല്ലോലൈൻ ഈ സംവിധാനത്തോടെയാണ് നിർമിച്ചിരിക്കുന്നത്. ട്രെയിനുകളിൽ ഡ്രൈവർ കാബിനിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കൺട്രോൾപാനലുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.