പേടിഎമ്മിന് വിലക്ക് : ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ? ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും  പാടില്ലെന്ന് ആര്‍ബിഐ

ഇന്ത്യയിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സർവസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും സാധാരണമായ ഒരു പേയ്‌മെൻ്റ് ഓപ്ഷനാണ് പേടിഎം.

ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ . 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി.

പേടിഎം പേയ്‌മെൻ്റ് ബാങ്കിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്.

മാർച്ച് മുതൽ ചില സുപ്രധാന സേവനങ്ങളിൽ നിന്നാണ് പേടിഎമ്മിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വിപുലമായി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് നടപടിയെന്ന് ആർബിഐ അറിയിച്ചു. പേടിഎം ബാങ്കിലെ നിരന്തരമായ ക്രമക്കേടുകൾ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് ആർബിഐ പ്രസ്‌താവനയിൽ പറയുന്നു.

2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക് വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകളോ ടോപ്അപ്പുകളോ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതായാണ് ആർബിഐയുടെ ഉത്തരവിൽ പറയുന്നത്.

ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്കിൽ നിലവിലുള്ള ബാക്കി തുക പിൻവലിക്കാനും വാലറ്റുകളിൽ ഉപയോഗിക്കാനും സാധിക്കും. എന്നാൽ ഫെബ്രുവരി 29 ന് ശേഷം അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്നാണ് പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്.

ആർബിഐ നിർദേശം ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ?

ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം പേയ്‌മെൻ്റ് ബാങ്കിലേക്ക് ഫെബ്രുവരി 29 വരെ മാത്രമേ പണം നിക്ഷേപിക്കാനാകൂ.

വാലറ്റുകൾ വഴിയുള്ളവ ഉൾപ്പെടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കില്ല.

ഉപയോക്താക്കൾക്ക് അവരുടെ പേടിഎം അക്കൗണ്ടിൽ നിന്ന് പണം സ്വീകരിക്കാനോ അയയ്ക്കാനോ കഴിയില്ല.

പണമിടപാടുകളോ ബിൽ പേയ്‌മെൻ്റുകളോ യുപിഐ ഇടപാടുകൾ നടത്താനോ കഴിയില്ല.

പേടിഎമ്മിൽ ബാഹ്യ ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ വിലക്ക് ബാധിക്കുമെന്ന് പരാമർശിക്കുന്നില്ല.

ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് പേടിഎം ഒരു ബാഹ്യ ബാങ്കുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ പേടിഎം വഴി നിങ്ങൾക്ക് യുപിഐ പേയ്‌മെൻ്റുകൾ നടത്താൻ കഴിയും.

എന്നാൽ പേടിഎം വാലറ്റ് നൽകുന്നത് പേടിഎം പേയ്‌മെൻ്റ് ബാങ്കായതിനാൽ വാലറ്റ് ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല.

ആർബിഐയുടെ നിർദേശങ്ങൾ പാലിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ, പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ 5.39 കോടി രൂപ പിഴ ചുമത്തിയിരുന്നു.

പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്തുകൊണ്ട്?

ഇന്ത്യയിൽ ഫിൻടെക് വിപ്ലവം ആരംഭിച്ചപ്പോൾ പേടിഎം ആയിരുന്നു നേതൃ നിരയിൽ. എന്നാൽ 2018 മുതൽ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ആർബിഐ നിരീക്ഷണത്തിലാണ്.

പേടിഎമ്മിനെതിരായ ഏറ്റവും പുതിയ നടപടിയുടെ കാരണങ്ങൾ സെൻട്രൽ ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ കെവൈസിയുമായി ബന്ധപ്പെട്ടതോ ഐടിയുമായി ബന്ധപ്പെട്ടതോ ആകാം ആർബിഐയുടെ വിലക്കിന് കാരണമെന്നാണ് വിലയിരുത്തൽ.

ആർബിഐ നിർദേശങ്ങൾ നിരന്തരം ലംഘിക്കുന്നതും പേടിഎമ്മിനെതിരെ ഏറ്റവും പുതിയ നടപടിയെടുക്കാൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

ആർബിഐ ഉത്തരവ്

പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ എല്ലാ പ്രധാന സേവനങ്ങളും ആർബിഐ വിലക്കി.

ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടിലെ വാലറ്റുകളിൽ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കാൻ പാടില്ല.

എഇപിഎസ്, ഐഎംപിഎസ്, ബിൽ പേയ്‌മെൻ്റുകൾ, യുപിഐ സൗകര്യങ്ങൾ തുടങ്ങിയ ഫണ്ട് കൈമാറ്റം പോലുള്ള മറ്റ് സേവനങ്ങളും പേടിഎം പേയ്‌മെൻ്റ് ബാങ്ക് നൽകരുതെന്ന് ആർബിഐ അറിയിച്ചു.

ഫെബ്രുവരി 29-നോ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകളുടെ സെറ്റിൽമെൻ്റ് മാർച്ച് 15-നകം പൂർത്തിയാക്കണം.

പ്രസ്തുത സമയപരിധിക്ക് ശേഷം ഇടപാടുകൾ അനുവദിക്കില്ലെന്നും ആർബിഐ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us