ബെംഗളൂരു : കാമ്പസിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളുടെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോളേജിൽ യൂണിഫോം നിർബന്ധമാക്കി പ്രിൻസിപ്പൽ ഉത്തരവിറക്കി.
ചിക്കമഗളൂരു ഐ.ഡി.എസ്.ജി. ഗവ. കോളേജിലാണ് ഉത്തരവിറക്കിയത്.
ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും യൂണിഫോമും കോളേജിലെ തിരിച്ചറിയൽകാർഡും ധരിച്ചുവരണമെന്നാണ് പ്രിൻസിപ്പലിന്റെ ഉത്തരവ്.
കോളേജ് വരാന്തയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ നടക്കുന്നതിന്റെയും ക്ലാസിലിരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസം മുമ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിൽ ചില സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.
സ്കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമാക്കി കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, ബിരുദ-ബിരുദാനന്തര കോളേജുകളിൽ യൂണിഫോം നിർബന്ധമല്ല.
യൂണിഫോം ഏർപ്പെടുത്താത്ത കോളേജുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് വരാറുമുണ്ട്.
അതേസമയം, ഹിജാബ് വിഷയത്തിൽ 2022 മാർച്ച് 15-ന് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ, യൂണിഫോം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ പുതിയ ഉത്തരവിറക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.