കന്നഡ അറിയില്ലേ ചോദിച്ച് അപമാനിച്ചുവെന്ന് പ്രമുഖ നർത്തകൻ സൽമാൻ യൂസുഫ് ഖാൻ 

ബെംഗളൂരു: കന്നട ഭാഷ അറിയാത്തതിന്‍റെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നര്‍ത്തകനും നൃത്തസംവിധായകനുമായ സല്‍മാന്‍ യൂസുഫ് ഖാന്‍. ബെംഗളൂരുവില്‍ ജനിച്ചിട്ടും കന്നട അറിയാത്തതിനെക്കുറിച്ച്‌ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ തന്നെ അപമാനിച്ചെന്നറിയിച്ച്‌ സല്‍മാന്‍ യൂസുഫ് ഖാന്‍ തന്നെയാണ് രംഗത്തെത്തിയത്. താന്‍ നേരിട്ട ദുരനുഭവം താരം സമൂഹമാധ്യമങ്ങള്‍ വഴിയാണ് പങ്കുവച്ചത്.

ഞാന്‍ അഭിമാനിയായ ഒരു ബെംഗളൂരുകാരനാണ്. എന്നാല്‍ ഇന്ന് താന്‍ നേരിട്ടത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ക്ക് ആളുകളെ ഏതെങ്കിലും പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാം എന്നാല്‍ അത് അറിയാത്തതിന്‍റെ പേരില്‍ അവരെ താഴ്‌ത്തിക്കെട്ടരുത്. നിങ്ങളുടെ മാതാപിതാക്കളുടെ പേര് അതിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുകയും അരുത് എന്ന് സല്‍മാന്‍ യൂസുഫ് ഖാന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ദുബായില്‍ നിന്ന് മടങ്ങവെയാണ് തന്നെ അസ്വസ്ഥനാക്കിയ സംഭവം ഉണ്ടായതെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് വിശദീകരിച്ചു. ഒരു ഇമിഗ്രേഷന്‍ ഓഫിസര്‍ സല്‍മാന്‍ യൂസുഫ് ഖാനുമായി കന്നടയില്‍ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് അത് മനസിലാവുന്നുണ്ടെങ്കിലും മറുപടി പറയുമ്പോള്‍ ഭാഷാപരമായ ആ ഒഴുക്ക് ഉണ്ടായിരുന്നില്ല. ഈ സമയം ആ ഉദ്യോഗസ്ഥന്‍ തന്‍റെ പാസ്‌പോര്‍ട്ടിലെ പേരും ജന്മസ്ഥലമായ ബെംഗളൂരുവും ചൂണ്ടിക്കാണിച്ച്‌, താനും തന്‍റെ പിതാവും ബെംഗളൂരുവില്‍ ജനിച്ചവരാണെങ്കിലും നിനക്ക് കന്നട അറിയില്ലല്ലേ എന്ന് ചോദിച്ചു. ഈ സമയം താന്‍ ബെംഗളൂരുവിലാണ് ജനിച്ചതെങ്കിലും ആ ഭാഷയുമായി ജനിച്ചവനല്ല എന്ന് മറുപടിയും നല്‍കിയെന്ന് താരം അദ്ദേഹത്തിന്‍റെ പോസ്‌റ്റില്‍ വ്യക്തമാക്കി.

ഞാന്‍ ബെംഗളൂരുവിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് സൗദി അറേബ്യയിലെ സൗദി ബാലനായാണ്. എന്‍റെ സ്‌കൂള്‍ പഠനകാലത്ത് ഞാന്‍ രാജ്യത്തുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ എനിക്ക് കന്നട ഒരു ഭാഷയായി ഉണ്ടായിരുന്നില്ല. അല്‍പ്പമെങ്കിലും അറിയുന്നത് സുഹൃത്തുക്കള്‍ വഴിയാണ് എന്ന് താന്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് കന്നട അറിയില്ലെങ്കില്‍ എനിക്ക് നിങ്ങളെ സംശയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്ന് സല്‍മാന്‍ യൂസുഫ് ഖാന്‍ പറഞ്ഞു.

ഈ സമയം രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയായ ഹിന്ദി എനിക്കറിയാമെന്നും താന്‍ എന്തിന് കന്നട അറിയണമെന്നും, എന്നെ സംശയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും താന്‍ അദ്ദേഹത്തോട് തിരിച്ചുചോദിച്ചുവെന്നും താരം പോസ്‌റ്റില്‍ വ്യക്തമാക്കി. എനിക്ക് നിങ്ങളെ എന്തിനും സംശയിക്കാമെന്നും ഒന്നുകൂടി ശ്രമിച്ച്‌ നോക്കൂ എന്ന് അദ്ദേഹം ശബ്‌ദമുയര്‍ത്തി ചോദിച്ചുവെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇതിനോട് താന്‍ മൗനം പാലിക്കുകയായിരുന്നുവെന്നും നിങ്ങളെ പോലെ വിദ്യാഭ്യാസമില്ലാത്തവര്‍ ഈ നാട്ടില്‍ ജീവിച്ചാല്‍ ഈ നാട് ഒരിക്കലും നന്നാവില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും താരം പറഞ്ഞു. സംഭവം വിമാനത്താവളത്തിലെ അധികൃതരെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും തന്നെ ഗൗനിച്ചില്ലെന്നും സല്‍മാന്‍ യൂസുഫ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us