വോട്ടർമാരുടെ വിവരം ചോർത്തൽ, ഐ. എ. എസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു 

ബെംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹളസുരുഗട്ടെ പോലീസ് ചോദ്യം ചെയ്തു.

ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ രംഗപ്പ, ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ ശ്രീനിവാസ എന്നിവരെയാണ് ചോദ്യം ചെയ്തത്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ സമയം വേണമെന്ന് ഇവര്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നത്.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.ജെ.പി സര്‍ക്കാറിന്‍റെ കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ അനുമതി നല്‍കുകയായിരുന്നു. ഒമ്പത് ജില്ലകള്‍ വരുന്ന മുനിസിപ്പല്‍ കോര്‍പറേഷനായ ബി.ബി.എം.പി സ്വകാര്യ സ്ഥാപനമായ ഷിലുമെ എജുക്കേഷനല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ട്രസ്റ്റിനാണ് അനുമതി നല്‍കിയത്.

എന്നാല്‍ ഇവര്‍ നൂറുകണക്കിന് ആളുകളെ ഏര്‍പ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) ചമഞ്ഞ് വീടുകള്‍ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു.

ബി.എല്‍.ഒമാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചു. ഏറെക്കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us