ജീവനക്കാരനെ സസ്പെൻറ് ചെയ്ത സോമാറ്റൊയുടെ “യുടേൺ”.

ബെംഗളൂരു: ഉപഭോക്താവിനെ മര്‍ദ്ദിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സൊമാറ്റോ.

സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററില്‍ സൊമാറ്റോ വ്യക്തമാക്കി.

പൊലീസ് ആവശ്യപ്പെടുന്ന രീതിയില്‍ പൊലീസിനെയും തങ്ങള്‍ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു.

‘സത്യം എന്താണെന്ന് കണ്ടെത്തുന്നതിന് ആയിരിക്കും ഞങ്ങളുടെ മുന്‍ഗണന. ഇതിന്റെ ഭാഗമായി ഹിതേഷയെയും കാമരാജിനെയും (ഞങ്ങളുടെ ഡെലിവറി പങ്കാളി) അന്വേഷണത്തിന്റെ സമയത്ത് എല്ലാ പിന്തുണയും നല്‍കും.

പൊലീസ് ആവശ്യപ്പെടുന്ന എന്ത് സഹായവും ഞങ്ങള്‍ നല്‍കും. ഹിതേഷയുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്.

അവരുടെ വൈദ്യ സംബന്ധമായ ചിലവുകള്‍ക്കും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കുമായി അവരെ നിരന്തരം ബന്ധപ്പെട്ടു വരികയാണ്.’ – സൊമാറ്റോ അറിയിച്ചു.

അതുപോലെ, കാമരാജുമായും ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. സംഭവത്തിന്റെ രണ്ടു ഭാഗവും വെളിച്ചത്തു കൊണ്ടു വരാന്‍ പിന്തുണ നല്‍കും. കാര്യങ്ങള്‍ക്ക് കൂടുതല്‍ തെളിമയും വ്യക്തതയും കൊണ്ടു വരാനുള്ള നടപടി ക്രമങ്ങളാണ് ഇത്.

പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കാമരാജിനെ ആക്ടിവ് ഡെലിവറികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമപരമായ ചെലവുകള്‍ കവര്‍ ചെയ്യും.

റെക്കോര്‍ഡിലേക്ക് ഒരു കാര്യം കൂടി – കാമരാജ് ഇതുവരെ ഞങ്ങള്‍ക്കൊപ്പം 5000 ഡെലിവറികള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ അദ്ദേഹത്തിന്റെ റേറ്റിംഗ് 4.75/5 ആണ്.

ഏറ്റവും ഉയര്‍ന്ന റേറ്റിംഗില്‍ ഒന്നാണിത്. കഴിഞ്ഞ 26 മാസമായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നു.

നിങ്ങളുടെ കരുതലിന് നന്ദി പറയുന്നു. താമസിയാതെ തന്നെ സത്യം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ – സൊമാറ്റോ. ഇത്രയുമാണ് പ്രസ്താവനയില്‍ സൊമാറ്റോ വ്യക്തമാക്കുന്നത്.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൊമാറ്റോ ജീവനക്കാരന്‍ തന്‍റെ മൂക്കിടിച്ച്‌ തകര്‍ത്തതായാണ് ഹിതേഷ ആരോപിച്ചത്. ചോരയൊലിപ്പിക്കുന്ന മൂക്കുമായി നില്‍ക്കുന്ന വീഡിയോയിലാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

എന്നാല്‍, ഭക്ഷണം സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത യുവതിയെ ആക്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡെലിവറി ബോയ് രംഗത്തെത്തി.

താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകള്‍ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും ആരോപണങ്ങള്‍ക്ക് വിധേയനായ ഡെലിവറി ബോയ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us