ബെംഗളൂരു: ലോക് ഡൗൺ കാലത്തും വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതി നൽകി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ.
കോവിഡ്-19 നെ വർഗീയവത്കരിച്ച് മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമിച്ചുവെന്നും അവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പി. പ്രവീൺ സൂദിനാണ് ഡി.കെ. ശിവകുമാർ പരാതി നൽകിയത്
ബി.ജെ.പി.എം.പി. മാരായ ശോഭ കരന്തലജെ, അനന്ത്കുമാർ ഹെഗ്‌ഡെ, എം.എൽ.എ.മാരായ ബസനഗൗഡ പാട്ടീൽ യത്‌നാൽ, രേണുകാചാര്യ എന്നിവർ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ ഭിന്നത ഉണ്ടാക്കും വിധമുള്ള പ്രസ്താവനകളാണ് നടത്തിയതെന്ന് കത്തിൽ ശിവകുമാർ പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക എന്ന 153-എ വകുപ്പ് പ്രകാരം നാലുപേർക്കെതിരേ കേസെടുക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വിഭാഗത്തിലെ ആളുകളെ വെടിവെച്ചുകൊല്ലാനും നേതാക്കളിൽ ചിലർ ആഹ്വാനം ചെയ്തു.
ഇത് വർഗീയലഹളയ്ക്ക് വരെ കാരണമായേക്കാവുന്നതാണ്. കോവിഡിനെ രാഷ്ട്രീയവത്കരിച്ചെന്നും പോലീസ് സ്വമേധയാ കേസെടുത്ത് തുടർ നടപടി സ്വീകരിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.