ബെംഗളൂരു:വ്യാപാരസ്ഥാപനങ്ങളിൽ കന്നട ബോർഡുകളില്ലാത്തതിന്റെ പേരിൽ പ്രതിഷേധം.
കന്നട സംഘടനാ നേതാവ് വട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരാണ് മല്ലേശ്വരം സാംപിഗെ റോഡിൽ പ്രതിഷേധിക്കുകയും കന്നടയില്ലാത്ത ബോർഡുകൾ നശിപ്പിക്കുകയും ചെയ്തത്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ബോർഡുകളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നൂറോളം കന്നട സംരക്ഷണ പ്രവർത്തകരെത്തി ബോർഡുകൾ നശിപ്പിക്കുകയായിരുന്നു.
പേരെഴുതിയ ബോർഡുകളിൽ കന്നടയ്ക്ക് പ്രാധാന്യം നൽകണമെന്ന് വട്ടാൾ നാഗരാജ് പറഞ്ഞു.
കടകളുടെയും മറ്റും അറിയിപ്പു ബോർഡുകളിൽ 60 ശതമാനം കന്നടയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) ഉത്തരവുണ്ട്. ഒക്ടോബർ അവസാനമാണ് കന്നട ബോർഡ് സംബന്ധിച്ച ഉത്തരവ് ബി.ബി.എം.പി. പുറത്തിറക്കിയത്.
എന്നാൽ ഉത്തരവ് വന്നിട്ടും ബോർഡുകളിൽ കന്നട ഉപയോഗിക്കാത്തതിനെത്തുടർന്നാണ് കന്നട സംരക്ഷണ പ്രവർത്തകർ നേരിട്ടിറങ്ങി ബോർഡുകൾ നശിപ്പിച്ചത്.