ബെംഗളൂരുവിലെ ബൗറിങ്, വിക്ടോറിയ, കെസി ജനറൽ ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഇത്തരം കന്റീനുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണസൗകര്യവും മികച്ച അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടു ബിബിഎംപിയെ മൂന്നോ അഞ്ചോ ഭാഗങ്ങളായി തിരിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. ചിലർ ഈ നീക്കത്തെ എതിർക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നിലെ സദുദ്ദേശ്യം മനസ്സിലാക്കി നഗരതാൽപര്യത്തിനായി എല്ലാവരും പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
മഴവെള്ളക്കനാലുകളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ബിബിഎംപി നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ചെളിയും മാലിന്യവും നിറഞ്ഞ് മഴവെള്ളക്കനാലുകൾ അടയുന്നതിനാലാണു മഴക്കാലത്തു ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നത്. ഭൂഗർഭ ഓടകളുടെ നവീകരണത്തിനായി സർക്കാർ ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മഴക്കാലം മാറിയാലുടൻ ഇതിന്റെ ജോലികൾ തുടങ്ങും.
ചേരി നിവാസികൾക്കു നൽകിവരുന്ന സൗജന്യ ശുദ്ധജലപദ്ധതി പിന്നാക്ക വിഭാഗങ്ങൾ വസിക്കുന്ന ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ദിവസേന പതിനായിരം ലീറ്റർ കുടിവെള്ളമാണു ബെംഗളൂരു വാട്ടർസപ്ലെ ആൻഡ് സൂവിജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നൽകിവരുന്നത്.