“ശശി”കല

ചെന്നൈ∙ അമ്മയുടെ ഓർമകൾക്കുമുന്നിൽ വൈരാഗ്യം മറക്കുന്ന മക്കളെപ്പോലെ, തമിഴ്നാട്ടിൽ ഒപിഎസും ഇപിഎസും ‘സ്നേഹത്തിലായി’. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷമാണ് ഒ.പനീർസെൽവം, എടപ്പാടി പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചത്. ‘അമ്മ’ ജയലളിതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ആസ്ഥാനത്തെത്തിയാണു പനീർസെൽവം ലയന തീരുമാനം അറിയിച്ചത്. വി.കെ.ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ പാർട്ടി പിടിച്ചടക്കുമെന്നും തങ്ങൾ പുറത്താകുമെന്നുമുള്ള ഭയമാണ് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാൻ പ്രചോദിപ്പിച്ചത്.

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ.ശശികലയെ നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി ജനറൽ കൗൺസിൽ വിളിച്ചു ശശികലയുടെ പുറത്താക്കൽ നടപടി പൂർത്തിയാക്കും. പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്നു പാർട്ടി ആസ്ഥാനത്തു ലയനം പ്രഖ്യാപിച്ചുകൊണ്ടു പനീർസെൽവം പറഞ്ഞു. ഒത്തുതീർപ്പ് ഫോർമുല പ്രകാരം ഒ.പനീർസെൽവം പാർട്ടി അധ്യക്ഷനാകും, പളനിസാമി ഉപാധ്യക്ഷനും. ധനകാര്യവകുപ്പിന്റെ ചുമതലയും ഇനി പനീർസെൽവത്തിനാണ്. പാണ്ഡ്യരാജനായിരിക്കും തമിഴ്ഭാഷാ വകുപ്പുമന്ത്രി. ഇരുവരും ഇന്നുതന്നെ സത്യപ്രതി‍ജ്ഞ ചെയ്യും. ഗവർണർ വിദ്യാസാഗർ റാവു അടിയന്തരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.

പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നു പാർട്ടി ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ പളനിസാമി പറഞ്ഞു. അമ്മയുടെ ഉറപ്പുകൾ പാലിക്കും. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും പളനിസാമി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണു പനീർസെൽവം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഒരുഘട്ടത്തിൽ വഴിമുട്ടിയ ലയനചർച്ചകളാണ് നാടകീയ നീക്കങ്ങളുമായി തിങ്കളാഴ്ച വീണ്ടും സജീവമായത്. രണ്ടുവിഭാഗങ്ങളും തമ്മിൽ ലയിക്കണമെങ്കിൽ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീർസെൽവത്തിന്റെ പ്രധാന ആവശ്യം. ഒടുവിൽ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പനീർസെൽവം വിഭാഗവും ചെന്നൈയിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. അതേസമയം, ടി.ടി.വി.ദിനകരൻ വിളിച്ച യോഗത്തിൽ 19 എംഎൽഎമാർ പരസ്യ പിന്തുണയുമായെത്തി. ഇവർ പിന്തുണ പിൻവലിച്ചാൽ പളനിസാമി സർക്കാർ പ്രതിസന്ധിയിലാകും. സർക്കാർ നിലനിൽക്കണമെങ്കിൽ 117 പേരുടെ പിന്തുണയാണ് വേണ്ടത്. 135 എംഎൽഎമാരാണ് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ദിനകരനൊപ്പം പോയിരിക്കുന്ന എംഎൽഎമാരെ ഒഴിച്ചുനിർത്തിയാൽ 116 പേരുടെ പിന്തുണയാണ് സർക്കാരിനുള്ളത്.

ഒപിഎസ്, ഇപിഎസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചശേഷം പാർട്ടി എൻഡിഎ മുന്നണിയിൽ ചേക്കേറുമെന്നാണ് അറിയുന്നത്. ഇതിനുള്ള ചർച്ചകളും ഇതിനോടകം നടന്നു. ന്യൂഡൽഹിയിൽ ഇപിഎസും ഒപിഎസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ കണ്ടിരുന്നു. തുടർന്നാണ് മാന്ദ്യത്തിലായിരുന്ന ലയനചർച്ചകൾ പൊടുന്നനെ സജീവമായത്. പാർട്ടിക്ക് കേന്ദ്രത്തിൽ മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ‌മുന്നണി പ്രവേശനമുൾപ്പെടെയുള്ള ചർച്ചകൾക്കായി വരുമെന്നറിയിച്ച ബിജെപി അധ്യക്ഷൻ അമിത് ഷാ സന്ദർശനം റദ്ദാക്കി. ഇതിൽ രാഷ്ട്രീയ വിഷയങ്ങളില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us