2010 ജനുവരി 25നു സ്ഥാപിതമായ പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ്പായ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് വിരമിച്ചതിനെ തുടർന്നാണു പുതിയ ബിഷപ്പിനെ നിയമിച്ചത്. നാളെ രാവിലെ 8.30നു ക്ലീമീസ് കാതോലിക്കാബാവായ്ക്കും മറ്റു ബിഷപ്പുമാർക്കും സ്വീകരണം നൽകും. 8.45നു സമൂഹബലി നടക്കും. ബെംഗളൂരു ആർച്ച് ബിഷപ് ഡോ. ബർണാഡ് മോറസ് വചനസന്ദേശം നൽകും. 11നു സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കും.12ന് അനുമോദന സമ്മേളനം മന്ത്രി ബി.രമാനാഥ റായ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും. മുൻ രൂപതാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസിനെ ചടങ്ങിൽ ആദരിക്കും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മംഗളൂരു രൂപതാ ബിഷപ് ഡോ. അലോഷ്യസ് പോൾ ഡിസൂസ, ബൽത്തങ്ങാടി രൂപതാ ബിഷപ് മാർ ലോറൻസ് മുക്കുഴി, ഹൊന്നാവർ മിഷൻ ബിഷപ് യാക്കോബ് മാർ അന്തോനിയോസ്, മാണി ചെമ്മനം കോറെപ്പിസ്കോപ്പ, ബഥനി സന്യാസസമൂഹം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള, നളിൻകുമാർ കട്ടീൽ എംപി, നിയമനിർമാണ കൗൺസിലിലെ ചീഫ് വിപ്പ് ഐവൻ ഡിസൂസ, എംഎൽഎമാരായ ശകുന്തള ഷെട്ടി, എസ്.അംഗാറ, വിനയകുമാർ സൊറകെ, ജില്ലാ പഞ്ചായത്ത് അംഗം പി.പി.വർഗീസ് തുടങ്ങിയവർ സംബന്ധിക്കുമെന്നു പുത്തൂർ രൂപത ചാൻസലർ ഫാ. ഫിലിപ് നെല്ലിവിള അറിയിച്ചു.