ബൈക്ക് യാത്രികർ മഴ പെയ്യുമ്പോൾ പാലങ്ങളുടെ അടിയിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്ന് ട്രാഫിക് ഡപ്യൂട്ടി കമ്മിഷണർ (ഈസ്റ്റ്) നിർദേശിച്ചു.ഇടവിട്ടു മഴയ്ക്കു സാധ്യത ഉള്ളതിനാൽ ബൈക്കുമായി പുറത്തിറങ്ങുന്നവർ മഴക്കോട്ടു കരുതുന്നതാണ് ഉചിതമെന്ന് അദ്ദേഹം ട്വിറ്റർ പേജിൽ ഓർമിപ്പിച്ചു.
തുടർച്ചയായ മഴയിൽ ഏറ്റവും ദുരിതമനുഭവിച്ച 50 നിർധന കുടുംബങ്ങൾക്കു സർക്കാർ വീട് നിർമിച്ചു നൽകും. ഇതിനായി തനിസന്ദ്രയിൽ കണ്ടെത്തിയ സ്ഥലം ബെംഗളൂരു വികസന മന്ത്രി കെ.ജെ. ജോർജ്, മേയർ ജി. പദ്മാവതി, ബിബിഎംപി എൻ. മഞ്ജുനാഥ് എന്നിവർ പരിശോധിച്ചു. വീടുകളുടെ നിർമ്മാണച്ചെലവ് ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ) വഹിക്കും
കെട്ടിടങ്ങളുടെ തറനിരപ്പിലും താഴ്ന്നയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറുകളും മറ്റു വൈദ്യുതി മീറ്റർ ഉൾപ്പെടെയുള്ള കണക്‌ഷനുകളും ആറു മാസത്തിനകം മുകളിലേക്കു മാറ്റി സ്ഥാപിക്കണമെന്നു ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം നിർദേശം നൽകി. ചെറിയ മഴയിൽ പോലും കെട്ടിടങ്ങളുടെ താഴത്തെനിലയിൽ വെള്ളം കയറുന്നതിനാൽ ഇതുമൂലമുള്ള വൈദ്യുതി തകരാറും അപകടങ്ങളും ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. അപാർട്മെന്റുകളിൽ ട്രാൻസ്ഫോമറും ജനറേറ്ററുമെല്ലാം പൊതുവെ ബേസ്മെന്റിൽ ആണ് സ്ഥാപിക്കുക. കഴിഞ്ഞ ഒരുമാസത്തെ മഴയിൽ നൂറുകണക്കിന് അപാർട്ട്മെന്റുകളുടെ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. വൈദ്യുതി മീറ്ററുകൾ വെള്ളം കയറി തകരാറിലായതിനാൽ ഇവിടങ്ങളിലെല്ലാം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയും ചെയ്തു.
ചെറിയ മഴയിൽപോലും വെള്ളക്കെട്ട് ഉണ്ടാകുന്ന കോറമംഗല, എച്ച്എസ്ആർ ലേഔട്ട് ഭാഗങ്ങളിൽ മഴ തുടങ്ങിയാലുടൻ മുൻകരുതൽ എന്ന നിലയിൽ വൈദ്യുതി വിച്ഛേദിക്കുകയാണു പതിവ്. ബേസ്മെന്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്തു കളഞ്ഞതിനുശേഷമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാറുള്ളൂ. ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുകയാണു ലക്ഷ്യം. ചെറിയ മഴയിൽപൊലും വെള്ളക്കെട്ട് ഉണ്ടാകുന്ന അപാർട്ട്മെന്റുകൾ കണ്ടെത്താൻ ഉടൻ സർവേ നടത്തുമെന്ന് ഊർജമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. ഇവ മാറ്റി സ്ഥാപിക്കുന്നതിനു ബെസ്കോം ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും.
