ബെംഗളൂരു: റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും 14 ദിവസം നീളുന്ന തീവ്ര ഭക്ഷ്യസുരക്ഷാ പരിശോധന ആരംഭിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ) അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ വ്യാഴാഴ്ച നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്ക് പിന്നാലെയാണ് അധികൃതരുടെ പ്രതികരണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കും കാറ്ററിംഗ് ഏജൻസികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
ഭക്ഷണശാലകളുടെയും വിതരണക്കാരുടെയും ശുചിത്വം, എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് കാലാവധി, ഭക്ഷണസാധനങ്ങളുടെ കാലാവധി പൂർത്തിയാകുന്ന തീയതി, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ബെംഗളൂരു, മൈസൂരു, ഹൂബ്ലി ഡിവിഷനുകളിലായി 34 പ്രധാന യൂണിറ്റുകൾ, 272 ചെറുകിട യൂണിറ്റുകൾ, 122 ഐ.ആർ.സി.ടി.സി (IRCTC) യൂണിറ്റുകൾ, 38 പാന്ററി കാറുകൾ, പ്രധാന ബേസ് കിച്ചണുകൾ എന്നിവയുൾപ്പെടെ 428 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണ് എസ്.ഡബ്ല്യു.ആറിന്റെ തത്സമയ നിരീക്ഷണത്തിലുള്ളത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ (2026 ജൂലൈ വരെ) റെയിൽവേ ഫുഡ് സേഫ്റ്റി ഓഫീസർമാർ 271 പരിശോധനകൾ നടത്തുകയും വീഴ്ച വരുത്തിയവർക്ക് 29 ഇംപ്രൂവ്‌മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. ശേഖരിച്ച 170 ഭക്ഷണ സാമ്പിളുകളിൽ ഉപയോഗയോഗ്യമല്ലെന്ന് കണ്ട മൂന്നെണ്ണത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻവർഷത്തിൽ (2025-26) നടത്തിയ 4,373 മിന്നൽ പരിശോധനകളിൽ നിന്നായി 5.22 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ഈ വർഷം ജൂലൈ വരെ നടത്തിയ 1,377 പരിശോധനകളിൽ നിന്ന് 64,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
അനുമതിയില്ലാത്ത പാക്കിംഗ്, കൃത്രിമ നിറങ്ങളുടെ ഉപയോഗം, വൃത്തിഹീനമായ സൂക്ഷ്മരീതി, കാലാവധി കഴിഞ്ഞ സാധനങ്ങളുടെ വിൽപ്പന തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ കാരണം കാണിക്കൽ നോട്ടീസ് അയക്കാനും സാമ്പത്തിക പിഴ ചുമത്താനും കരാറുകൾ റദ്ദാക്കാനും ഫീൽഡ് ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടെന്ന് എസ്.ഡബ്ല്യു.ആർ അറിയിച്ചു.
