ബെംഗളൂരു: തിരക്കേറിയ ഔട്ടർ റിംഗ് റോഡിൽ (ORR) ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) തീരുമാനത്തിനെതിരെ മേഖലയിലെ ഐ.ടി കമ്പനികൾ രംഗത്ത്. നിലവിൽ നടക്കുന്ന മെട്രോ പാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായ ശേഷം മാത്രമേ റോഡ് വൈറ്റ് ടോപ്പിംഗ് ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കത്തയച്ചു. 2027 ജൂണിലാണ് ഇവിടെ മെട്രോ നിർമ്മാണം പൂർത്തിയാകാൻ നിശ്ചയിച്ചിട്ടുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 4-ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരഗൗഡയുടെ നേതൃത്വത്തിൽ നൂറോളം കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ഇപ്പോൾ വൈറ്റ് ടോപ്പിംഗ് ആരംഭിക്കാൻ തിടുക്കം കൂട്ടുന്നതെന്ന് അസോസിയേഷൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. മെട്രോ നിർമ്മാണത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും, മറ്റു വികസന പ്രവർത്തനങ്ങൾ സാങ്കേതികമായി വിലയിരുത്തിയ ശേഷം കൃത്യമായ മുൻഗണനാ ക്രമത്തിൽ മാത്രമേ നടപ്പിലാക്കൂ എന്നും അന്നത്തെ യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ സാങ്കേതിക മൂല്യനിർണ്ണയവും കൂടിയാലോചനകളും പൂർത്തിയാകുന്നതിന് മുൻപ് റോഡ് പ്രവൃത്തികളിലേക്ക് കടക്കുന്നത് ഈ ധാരണയുടെ ലംഘനമാണെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. മെട്രോ പ്രവൃത്തികൾ പൂർത്തിയായ ശേഷമേ റോഡ് ജോലികൾ ആരംഭിക്കാവൂ എന്ന് ബെംഗളൂരു ട്രാഫിക് പോലീസും നിർദ്ദേശിച്ചിട്ടുണ്ട്.
റോഡ് പണികൾ നടക്കുന്ന ഘട്ടത്തിൽ 50 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും അസോസിയേഷൻ തള്ളി. കൃത്യമായ അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും ട്രാഫിക് മാനേജ്മെന്റിനും പകരമാവില്ല ‘വർക്ക് ഫ്രം ഹോം’ സംവിധാനമെന്ന് കമ്പനികൾ വ്യക്തമാക്കി. പൊതുമരാമത്ത് പ്രവൃത്തികൾ കാരണം പ്രവർത്തനം മാറ്റേണ്ടി വരുമെന്ന് മാധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും, റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് മെച്ചപ്പെട്ട ആസൂത്രണവും കൃത്യമായ പഠനങ്ങളും നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
