ബെംഗളൂരു: സാധാരണയായി രാവിലത്തെ തിരക്കുകളിൽ അമരുന്ന ബെംഗളൂരുവിലെ ഓഫീസുകൾ ആളൊഴിഞ്ഞ് കിടക്കുന്നതിന്റെ പ്രധാന കാരണം നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കാണെന്ന ചൂണ്ടിക്കാണിക്കലുമായി പ്രമുഖ സംരംഭകൻ. ആപ്ലൈഡ് എ.ഐ സ്റ്റുഡിയോയുടെയും ആപ്ലൈഡ് എ.ഐ ക്ലബ്ബ് കമ്മ്യൂണിറ്റിയുടെയും സ്ഥാപകനായ ബാല പന്നീർശെൽവമാണ് നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ കാരണം ഓഫീസിലെത്താൻ ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഓഫീസിലെ വിജനമായ സീറ്റുകളുടെ ചിത്രം സഹിതം അദ്ദേഹം പങ്കുവെച്ച ലിങ്ക്ഡ്ഇൻ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
പ്രശ്നം ജീവനക്കാരുടെ മടിയിലല്ലെന്നും, മറിച്ച് ഓഫീസിലെത്താൻ അവർക്ക് ഓരോ ദിവസവും എടുക്കേണ്ടിവരുന്ന കഠിനമായ പരിശ്രമത്തിലാണെന്നും അദ്ദേഹം കുറിച്ചു. നഗരത്തിൽ ആളുകൾക്ക് മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷവും കഴിവുമാണ് ഗതാഗതക്കുരുക്ക് കാരണം നശിച്ചുകൊണ്ടിരിക്കുന്നത്. എച്ച്.എസ്.ആർ ലേഔട്ട് പരിസരത്ത് 4 കിലോമീറ്റർ സഞ്ചരിക്കാൻ സ്കൂട്ടറിൽ 20 മിനിറ്റും കാറിൽ 30 മിനിറ്റും വേണം. തിരക്കുള്ള സമയങ്ങളിൽ ഇതിലും കൂടുതൽ സമയമെടുക്കും. വാഹനത്തിരക്കിനിടയിലൂടെയും സിഗ്നൽ തെറ്റിച്ചെത്തുന്ന ഇരുചക്രവാഹനങ്ങളെ വെട്ടിച്ച് ഓഫീസിലെത്തുമ്പോഴേക്കും ജീവനക്കാരുടെ ഊർജ്ജവും മാനസിക ഉന്മേഷവും പൂർണ്ണമായും നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വൈകുന്നേരം 6 മണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങിയാൽ വീട്ടിലെത്താൻ സാധാരണയെക്കാൾ ഇരട്ടി സമയമെടുക്കും. വൈകുന്നേരം 5 മണിക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ പോലും കടുത്ത ക്ഷീണം കാരണം വ്യക്തിജീവിതത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിന്റെ തുടർച്ചയായാണ് പിറ്റേദിവസം ആളുകൾ ഓഫീസിലേക്ക് വൈകിയെത്തുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്ക് മഴയോ മറ്റ് ഗതാഗത തടസ്സങ്ങളോ ഇല്ലാതിരുന്നിട്ട് പോലും വൈറ്റ്‌ഫീൽഡിൽ നിന്ന് എച്ച്.എസ്.ആർ ലേഔട്ടിലേക്കുള്ള 17 കിലോമീറ്റർ സഞ്ചരിക്കാൻ തനിക്ക് രണ്ട് മണിക്കൂർ വേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ചുറ്റും നിരന്തരമായ ശബ്ദകോലാഹലങ്ങളും ഗതാഗതക്കുരുക്കും അനുഭവിക്കുമ്പോൾ ആളുകൾക്ക് എങ്ങനെയാണ് ശാന്തമായി ചിന്തിക്കാനും മികച്ച രീതിയിൽ ജോലി ചെയ്യാനും സാധിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. കുറിപ്പിന് താഴെ നിരവധിയാളുകളാണ് ബെംഗളൂരുവിലെ മോശം റോഡ് ഭൗതികസാഹചര്യങ്ങളെ വിമർശിച്ചുകൊണ്ട് പ്രതികരണങ്ങളുമായി എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ കാരണം രാജ്യത്തിന് വലിയ ഉൽപ്പാദനക്ഷമതാ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഉടനടി മെച്ചപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
