കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് കേരള, കർണാടക ആർടിസികളുടെ ഓണം സ്പെഷ്യൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നാളെ (ഓഗസ്റ്റ് 19) മുതൽ ആരംഭിക്കും. ഓണാവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണക്കിലെടുത്താണ് പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും പ്രധാന നഗരങ്ങളിലേക്കും കേരള ആർടിസിയും കർണാടക ആർടിസിയും അധിക സർവീസുകൾ നടത്തും. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഓണത്തിരക്കിനെ തുടർന്ന് കേരള ആർടിസി 50–55 ഉം കർണാടക ആർടിസി 60–65 ഉം സ്പെഷ്യൽ ബസുകൾ സർവീസിനിറക്കാനാണ് നിലവിലെ പദ്ധതി. ആവശ്യാനുസരണം കൂടുതൽ സർവീസുകളും പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
സ്വകാര്യ ബസുകളിലെ നിരക്ക് വർധന ഒഴിവാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമായി സർക്കാർ ഗതാഗത സ്ഥാപനങ്ങൾ പ്രത്യേക സർവീസുകൾ ഒരുക്കുന്നുണ്ട്. ഓണം അടുത്തുവരുന്നതിനാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ തന്നെ ആവശ്യമായ റിസർവേഷൻ നടത്താൻ യാത്രക്കാർക്ക് അധികൃതർ നിർദേശം നൽകി.
കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
