ബെംഗളൂരു: നഗരത്തിൽ ‘സോംബി ഡ്രഗ്’ (Zombie Drug) വ്യാപിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തിയ സ്വകാര്യ കമ്പനി ജീവനക്കാരനെ ബഗലൂർ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാരണ്യപുര സ്വദേശിയായ ഹേമന്ത് (29) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. ഒരു വ്യക്തി അസ്വാഭാവികമായി പെരുമാറുന്ന വീഡിയോ പകർത്തി, അയാൾ മാരകമായ ലഹരിമരുന്നിന് അടിമയാണെന്ന വ്യാജേന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി.
ഒരു സ്വകാര്യ കോളേജിന് സമീപം വെച്ചാണ് ഹേമന്ത് ഈ വീഡിയോ ചിത്രീകരിച്ചത്. വീഡിയോയിലെ വ്യക്തി കൈകാലുകൾ വിചിത്രമായ രീതിയിൽ ചലിപ്പിക്കുന്നതും ദിശാബോധമില്ലാതെ പെരുമാറുന്നതും കണ്ട ഹേമന്ത്, അയാൾ ‘സൈലാസിൻ’ (Xylazine) അഥവാ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതാണെന്ന് ആരോപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വൈറലായ ഈ വീഡിയോ നഗരവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇയാളുടെ ശരീരത്തിൽ യാതൊരുവിധ ലഹരിവസ്തുക്കളുടെയും സാന്നിധ്യമില്ലെന്ന് പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കിയതോടെയാണ് ഹേമന്തിനെതിരെ പോലീസ് നടപടി കടുപ്പിച്ചത്.
പോലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹേമന്ത് സോഷ്യൽ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചിരുന്നുവെങ്കിലും അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 353(2), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മുന്നറിയിപ്പ് നൽകി.
