ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 21 ദിവസത്തേക്ക് കർശന ആരോഗ്യ നിരീക്ഷണത്തിനും സ്വയം നിരീക്ഷണത്തിനും വിധേയരാകണമെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ വകുപ്പ്, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണവും വ്യാപാര സാധ്യതകളും കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട എന്നീ രാജ്യങ്ങളിലെ എബോള വ്യാപനം കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടന (WHO) 2026 മെയ് 17-ന് ഇതിനെ ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി പ്രഖ്യാപിച്ചിരുന്നു.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
രോഗവ്യാപനം തടയുന്നതിനായി റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (RRT) നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പനി, ശാരീരിക അസ്വസ്ഥതകൾ, പേശി വേദന, തൊണ്ടവേദന, തലവേദന, ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തിലെ തിണർപ്പുകൾ, കണ്ണ് ചുവക്കൽ എന്നിവയാണ് എബോളയുടെ പ്രധാന ലക്ഷണങ്ങൾ.
രോഗബാധിതരായ വ്യക്തികളുടെ രക്തം, അവയവങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ അവർ ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങൾ, സിറിഞ്ചുകൾ എന്നിവയിലൂടെയോ ആണ് ഈ മാരക വൈറസ് രോഗം പകരുന്നത്. ഇക്കാരണത്താൽ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗികളുടെ കുടുംബാംഗങ്ങൾക്കും സമ്പർക്കത്തിലുള്ള മറ്റുള്ളവർക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംശയസ്പദമായ കേസുകൾ കണ്ടെത്തുന്നതിനായി ഐ.ഡി.എസ്.പി (IDSP) യുമായി ചേർന്നുള്ള നിരീക്ഷണവും, വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി പ്രവേശന കവാടങ്ങളിലും പരിശോധനകളും കർശനമാക്കി.
രോഗലക്ഷണങ്ങൾ ഉള്ളവർക്കായി പ്രത്യേക ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങളും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസ് സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുകയും, പി.പി.ഇ കിറ്റുകൾ, മരുന്നുകൾ, ലാബ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് (RGICD) ഐസൊലേഷൻ കേന്ദ്രമായും, എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റൽ ക്വാറന്റൈൻ – ചികിത്സാ കേന്ദ്രമായും നിശ്ചയിച്ചു.
മംഗളൂരുവിൽ ശ്രീനിവാസ് പോർട്ട് ഹോസ്പിറ്റൽ ക്വാറന്റൈൻ കേന്ദ്രമായും, വെൻലോക്ക് ജില്ലാ ആശുപത്രി ഐസൊലേഷൻ – ചികിത്സാ കേന്ദ്രമായും പ്രവർത്തിക്കും.
സംശയസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ അവരുടെ സാമ്പിളുകൾ എൻ.ഐ.വി ബെംഗളൂരു വഴി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV Pune) അടിയന്തിരമായി തുടർപരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
